 
കൊട്ടാരക്കര: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കീഴ് ശാന്തിയായി ചെന്തൂപ്പ് ദേവസ്വത്തിലെ പൂയപ്പള്ളി പെരിയമന ഇല്ലം എം. നാരായണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ഉണ്ണിയപ്പത്തിന്റെ ചുമതല കീഴ് ശാന്തിക്കാണ്. രണ്ടു വർഷമാണ് കീഴ് ശാന്തിയുടെ കാലാവധി. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ ഗണപതി ക്ഷേത്ര സന്നിധിയിൽ നടന്ന തിരഞ്ഞെടുപ്പിൽ കിളിമാന്നൂർ തേരുവിള പുത്തൻവീട്ടിൽ അജയകുമാർ തുഷാര ദമ്പതികളുടെ അഞ്ചു വയസുള്ള മകൾ കീർത്തനയാണ് നറുക്കെടുത്തത്. ശബരിമലയിൽ പോകും വഴി ഗണപതി ക്ഷേത്രത്തിൽ എത്തിയതായിരുന്നു കുഞ്ഞു മാളികപ്പുറം. കീഴ് ശാന്തി ഇന്റർവ്യൂവിൽ ലിസ്റ്റിൽ എത്തിയ ആറുപേരിൽ ആറാമനായാണ് നാരായണൻ നമ്പൂതിരി എത്തിയത്. രണ്ടു വെള്ളിക്കുടത്തിൽ ഒന്നിൽ ആറു ശാന്തിക്കാരുടെ പേരും രണ്ടാമത്തെ കുടത്തിൽ അഞ്ചുവെള്ള കടലാസും ഒരു കീഴ്ശാന്തി എന്ന പേരും എഴുതി ഇട്ടശേഷം കുടം മൂടി പൂജക്കു ശേഷം ദർശനത്തിനെത്തിയ കുഞ്ഞുമാളികപ്പുറം നറുക്കെടുക്കുകയായിരുന്നു. ആദ്യത്തെ അഞ്ചുപേര് എടുത്തപ്പോഴും അനുബന്ധമായി എടുത്തത് വെള്ളക്കടലാസായിരുന്നു. ആറാമത് എടുത്ത കുറിപ്പ് നാരായണൻ നമ്പൂതിരിയുടെതായിരുന്നു. അതിന് അനുബന്ധമായി കീഴ്ശാന്തി എന്ന കുറിപ്പു ലഭിച്ചതോടെ എം. നാരായണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, അസി. കമ്മിഷണർ സൈനുലാൽ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. സുഷമ, ദേവസ്വം ബോർഡ് അംഗം എസ്. സുന്ദരേശൻ, ഉപദേശക സമിതി പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷൺമുഖൻ ആചാരി, സെക്രട്ടറി സ്മിതാ രവി, ക്ഷേത്രം മേൽശാന്തി രതീഷ് കുമാർ, കീഴ് ശാന്തി സഞ്ജയൻ തിരുമേനി, ഉപദോശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.