
കരുനാഗപ്പള്ളി: എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ നയിക്കുന്ന ദക്ഷിണ മേഖല ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകി. സംസ്ഥാന സർക്കാർ തൊഴിൽ എടുക്കുന്നവരുടെ സുരക്ഷയും കൂലിയും സാമൂഹ്യ നീതിയും ഉറപ്പാക്കുക, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ജാഥ സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഓയിൽ പാം കോർപ്പറേഷൻ ചെയർമാൻ അഡ്വ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വ്യാവസായങ്ങൾക്ക് സർക്കാർ കൂടുതൽ ഊന്നൽ നൽകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കടത്തൂർ മൺസൂർ അദ്ധ്യക്ഷനായി. ജാഥ ക്യാപ്ടൻ കെ.പി.രാജേന്ദ്രൻ, വൈസ് ക്യാപ്ടൻ സി.പി.മുരളി, ഡയറക്ടർ അഡ്വ.ആർ.സജിലാൽ ജാഥ അംഗങ്ങളായ അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി.വി.സത്യനേശൻ, കെ.എസ്.ഇന്ദുശേഖരൻനായർ, അഡ്വ.ജി.ലാലു, എം.ജി.രാഹുൽ, എ.ശോഭ, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ ശിവശങ്കരൻനായർ, ഹോർട്ടി കോർപ്പ് ചെയർമാൻ വേണുഗോപാൽ, ആർ.സോമൻപിള്ള, വിശ്വവത്സലൻ, അഡ്വ.പി.വി.ശിവൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ആർ.രവി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ജഗത് ജീവൻ ലാലി നന്ദിയും പറഞ്ഞു.