കൊല്ലം: വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.എം ജില്ലയിൽ വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന്‌ ജില്ലാ സെക്രട്ടറി എസ്‌.സുദേവൻ പറഞ്ഞു. വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൊല്ലം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ സംസാരിക്കുകയായിരുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങൾ എൽ.ഡി.എഫ് തിരിച്ചുപിടിക്കും.

കൊല്ലത്ത് കോൺഗ്രസും ബി.ജെ.പിയും ചങ്ങാതിമാരായി മത്സരിച്ചതിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിലും കരുനാഗപ്പള്ളിയിലും കണ്ടത്. ബി.ജെ.പിയുടെ മൂന്ന് ശതമാനം വോട്ട്‌ ഈ നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസിന് മറിച്ചുനൽകി. കോൺഗ്രസ്‌ സ്വീകരിക്കുന്ന മൃദുഹിന്ദുത്വത്തിന്റെ ഫലമാണ് കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ എത്താൻ കാരണം.

ജില്ലയെ ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാട് ക്യാമ്പയിൻ ചെയ്യും. കാർഷിക മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിന്‌ പാർട്ടി ഇടപെടൽ ശക്തമാക്കും. കൊല്ലം തുറമുഖത്തിൽ കയറ്റിറക്കുമതി അടിയന്തരമായി ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്‌. ഓഷ്യനേറിയം, ടൂറിസം ഇടനാഴികളുടെ വികസനം, കൊല്ലം വാട്ടർമെട്രോ, സംസ്ഥാന സർക്കാരിന്റെ ബയോഡൈവേഴ്സിറ്റി സർക്യൂട്ട്, കേന്ദ്ര ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി ഇക്കോ ഹബ്ബ് എന്നിവ യാഥാർത്ഥ്യമാകുന്നതോടെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാകും.

പാർട്ടി അച്ചടക്കം പാലിച്ച്‌ സമ്മേളനങ്ങൾ നടത്താൻ നേരത്തെയുള്ള കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കഴിഞ്ഞില്ല. പാർട്ടി തീരുമാനങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ് കരുനാഗപ്പള്ളിയിൽ അഡ്‌ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. അഡ്‌ഹോക്ക് കമ്മിറ്റി ആഴത്തിലുള്ള പരിശോധനകളും അന്വേഷണങ്ങളും നടത്തി നടപടികൾ കൈക്കൊള്ളും. നേതൃസ്ഥാനത്ത്‌ യുവത്വത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. വനിതകൾക്കും യുവജനങ്ങൾക്കും അർഹമായ പ്രാതിനിദ്ധ്യം നൽകി മുന്നിലേക്ക്‌ കൊണ്ടുവരികയാണെന്നും സുദേവൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി സനൽ.ഡി.പ്രേം സ്വാഗതവും ട്രഷറർ കണ്ണൻ നായർ നന്ദിയും പറഞ്ഞു.