 
കൊല്ലം: തടിപ്പണിയ്ക്ക് ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. ബീഹാർ സ്വദേശിയായ സരോജ് കുമാർ(36) ആണ് ചവറ പൊലീസിന്റെ പിടിയിലാത്. പന്മന പോരൂർക്കര സ്വദേശിയായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള തടിപ്പണി സ്ഥാപനത്തിൽ നിന്നാണ് മോട്ടോർ മോഷണം പോയത്.
കഴിഞ്ഞ നാല് വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതി. മോഷണം നടന്നത് മനസിലാക്കിയ സ്ഥാപനയുടമ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സരോജ് കുമാറാണ് മോട്ടോർ എടുത്തതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ മോഷണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ചവറ പൊലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഓമനക്കുട്ടൻ, എസ്.സി.പി.ഒ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.