കൊല്ലം: വെൺപാലക്കരയിൽ നായയുടെ ആക്രമണത്തിൽ രണ്ട് വയസുകാരനടക്കം നിരവധി പേർക്ക് കടിയേറ്റു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ വീണും നിരവധി പേർക്ക് പരിക്കേറ്റു. വെൺപാലക്കര ശാരദാവിലാസിനി അരിവാൾ മുക്ക് മുള്ളിത്തോടം ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ നിരവധി പേർക്ക് കടിയേറ്റത്.

കഴുത്തിൽ ബെൽറ്റിട്ടിരുന്ന പോമറേനിയൻ ഇനത്തിലെ നായയാണ് വില്ലനായത്. വാളത്തുംഗൽ മന്നം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കാർത്തികയ്ക്ക് രാവിലെ കടിയേറ്റു. കൂടെ വന്ന കുട്ടികൾ സമീപത്തെ വീടുകളിലേക്ക് ഓടി മാറിയതിനാലാണ് രക്ഷപ്പെട്ടത്. സ്കൂൾ അധികൃതരുടെ പരാതിയിൽ വാർഡ് കൗൺസിലറുടെയും വെൺപാലക്കര വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ നായയെ പിടിക്കാൻ ശ്രമം തുടങ്ങിയെങ്കിലും രണ്ട് വയസുകാരൻ അക്കു, ആറ് വയസ് കാരൻ അഭി, ചന്തു, മനു തുടങ്ങി എട്ടോളം പേർക്ക് പിന്നീട് കടിയേറ്റു. വൈകിട്ടോടെ മുള്ളിത്തോടത്ത് ഒഴിഞ്ഞ പുരയിടത്തിൽ നായയെ ചത്ത നിലയിൽ കണ്ടെത്തി.

നായയുടെ ശ്രവം റാബീസ് സ്ഥിരീകരണത്തിനായി പോസ്റ്റ് മോർട്ടം ചെയ്യണമെന്നും കടിയേറ്റവർക്കും വളർത്ത് മൃഗങ്ങൾക്കും അടിയന്തര വാക്സിനേഷൻ നൽകണമെന്നും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. കോർപ്പറേഷൻ, മയ്യനാട് പഞ്ചായത്ത് എന്നിവ അതിരുകൾ പങ്കിടുന്ന ഇവിടെ മാസങ്ങൾക്ക് മുമ്പാണ് ഹോമിയോ ആശുപത്രിയിലേക്ക് വന്ന വൃദ്ധൻ, ഇരുചക്ര വാഹനക്കാർ എന്നിവർക്ക് നായയുടെ കടിയേറ്റത്. മാലിന്യ നിക്ഷേപമുള്ളതിനാൽ

അരിവാൾ മുക്കിന് സമീപത്തെ പറമ്പിലാണ് നായകൾ താവളമാക്കിയിരിക്കുന്നത്.