കൊല്ലം: ചവറയിൽ പൈപ്പ് ലൈൻ പാലം തകർന്നതിനെ തുടർന്ന് നഗരത്തിൽ ഇന്നലെ കുടിവെള്ള വിതരണം പൂർണമായും മുടങ്ങി. തകർന്ന പൈപ്പുകൾക്ക് പകരം ഇന്നലെ പുതിയ പൈപ്പുകൾ എത്തിച്ചെങ്കിലും സ്ഥാപിക്കാൻ കഴിയാഞ്ഞതിനാൽ നഗരത്തിൽ ഇന്നും കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങും.

ഇന്ന് ഡ്രഡ്ജർ എത്തിച്ച് ടി.എസ് കനാലിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കാനാണ് ആലോചന. ഈ പ്രവൃത്തി ഇന്ന് പൂർത്തിയാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൊട്ടിയത്തെ ടാങ്കിൽ നിന്ന് കുടിവെള്ളം എത്തിച്ച് നഗരത്തിലെ ആറ് ടാങ്കുകളിൽ മൂന്നെണ്ണത്തിൽ നിറച്ച് ഇന്ന് വിതരണം ചെയ്യാനാണ് ആലോചന. നഗരത്തിലെ പകുതി സ്ഥലത്ത് പോലും ഈ ടാങ്കുകളിൽ നിന്ന് വെള്ളം ലഭിക്കില്ല. ബാക്കി പ്രദേശങ്ങളിൽ നാളെ വിതരണം ചെയ്യാനാണ് ആലോചന.

ഞായറാഴ്ച രാവിലെ 6 നാണ് ഉഗ്രശബ്ദത്തോടെ ശാസ്തംകോട്ടയിൽ നിന്ന് വരുന്ന കുടിവെള്ള പൈപ്പ് ലൈൻ ചവറ പാലത്തിനോട് ചേർന്നുള്ള ഭാഗത്ത് പൊട്ടിയത്. 19 വർഷം പഴക്കമുള്ള പൈപ്പ് ലൈനാണ് തകർന്നത്. ടി.എസ് കനാലിന് കുറുകെ തൂണുകൾ സ്ഥാപിച്ച് അതിൽ ഇരുമ്പ് പാലം സ്ഥാപിച്ച് അതിനുള്ളിലാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നത്. ഇരുമ്പ് പാലത്തിനൊപ്പം പൈപ്പ് ലൈനും തകർന്ന് കനാലിൽ പതിക്കുകയായിരുന്നു. പ്രതിദിനം 320 ലക്ഷം ലിറ്റർ കുടിവെള്ളമാണ് ഈ പൈപ്പ് ലൈൻ വഴി കൊല്ലം നഗരത്തിലേക്ക് എത്തിയിരുന്നത്.