xxx
നിർമ്മാണം പൂർത്തിയാവാതെ വർഷങ്ങളായി കാടുകയറി കിടക്കുന്ന അങ്കണവാടി കെട്ടിട്ടം

പിറവന്തൂർ : നിർമ്മാണം ഏകദേശം പൂർത്തിയായ അങ്കണവാടി കെട്ടിടത്തിന്റെ അവസാന പ്രവൃത്തികൾ നിലച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു. പിറവന്തൂർ പഞ്ചായത്ത് ( നാലാം വാർ‌ഡ്) മൈക്കാമൺ വാ‌ർഡിലെ അങ്കണവാടിയാണ് പാതിവഴിയിൽ അനാഥമായത്. നാട്ടിലെ ഒരു വ്യക്തി സംഭാവന ചെയ്‌ത മൂന്ന് സെന്റ് സ്ഥലത്ത് കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. എന്നാൽ തേപ്പും തറയിടലും ജനൽ സ്ഥാപിക്കുന്ന ജോലിയും ബാക്കി നിൽക്കവെയാണ് പണി സ്‌തംഭിച്ചത്. ഇപ്പോൾ കെട്ടിടത്തിന് പല വിധ ശോഷണങ്ങളും സംഭവിച്ചു. ആൾപെരുമാറ്റമില്ലാതെ കൊട്ടിയടക്കപ്പെട്ട വാതിലുകൾ ദ്രവിച്ചു. ഭിത്തിയിൽ പൂപ്പലും പായലും പറ്റി പിടിച്ചു. നേരിയ വിള്ളലുകളുണ്ടായി. മുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനെ തുടർന്ന് ചോർച്ചയും പ്രശ്‌നമാകുന്നു. പരിസരമാകെ കാട് മൂടി.

പണി പൂർത്തിയാകും മുമ്പ് കരാറുകാരന് ആകസ്‌മിക മരണം സംഭവിച്ചു. ഇതോടെ പണി നിലച്ചു. ഇത്തരം സാഹചര്യങ്ങളിൽ പുതിയ ഫയൽ തുറന്ന് നടപടിക്രമങ്ങൾ ആദ്യം മുതൽ പാലിക്കണമെന്നാണ് ചട്ടം. മുൻ ഭരണസമിതിയുടെ കാലത്തെ പ്രവൃത്തി ആയിരുന്നതിനാൽ 2016 ലെ നിരക്ക് പ്രകാരമായിരുന്നു ടെണ്ടർ . പുതിയ സാഹചര്യത്തിൽ കെട്ടിടം പൂർത്തിയാക്കി പഴക്കം മൂലമുണ്ടായ പോരായ്‌മകൾ പരിഹരിക്കാൻ അധികം തുക ആവശ്യമായി വരും. എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കാമെന്ന് മന്ത്രി കെ.ബി .ഗണേഷ് കുമാർ വാക്ക് തന്നിട്ടുണ്ട്.

ബി.അനഘ

വാർഡ് മെമ്പർ

കരാറുകാരൻ മരിച്ചെങ്കിൽ നിയമപരമായി മറ്ര് മാർഗങ്ങൾ തേടാതെ ഇത്രയും നാൾ കെട്ടിടം അനാഥമായിട്ട ജനപ്രതിനിധികളുടെ അനാസഥ കുറ്റകരമാണ്. അങ്കണവാടി വർഷങ്ങളായി പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്.

എസ്. സനോഷ്

ബി.ജെ.പി മൈക്കാമൺ ബൂത്ത് പ്രസിഡന്റ്

,