കൊല്ലം: കക്കൂസ് മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ മൊബൈൽ എഫ്.എസ്.ടി.പി യൂണിറ്റുകൾ ജനുവരിയിൽ കളത്തിലിറക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങൾക്ക് പുറമേ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിശ്ചിത ഫീസ് നൽകി എഫ്.സി.ടി.പികളിൽ കക്കൂസ് മാലിന്യം സംസ്കരിക്കാം.
അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള വസ്ത്ര വിതരണം, ലൈബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗ്രന്ഥശാലകൾക്കുള്ള ലാപ്ടോപ്പ്, പ്രൊജക്ടർ സ്ക്രീൻ എന്നിവയുടെ വിതരണം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഡേറ്റാ എൻട്രി ഓപ്പറേറ്റർ മാർക്കുള്ള അപ്രന്റിഷിപ്പ് നിയമനം നൽകുന്ന എൻട്രി എന്നീ പദ്ധതികൾ ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ മരാമത്ത് പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ബ്ലോക്ക് തലത്തിൽ റിവ്യൂ നടത്തും. ജില്ലാതല കേരളോത്സവം 28,29,30 തീയതികളിൽ സംഘടിപ്പിക്കും. കുരുയോട്ടുമല ഫാമിൽ എ.ബി.സി സെന്ററിന് ജനുവരിയിൽ തറക്കല്ലിടും. തെരുവ് നായ്കൾക്കുള്ള പേവിഷ പ്രതിരോധ വാക്സിനേഷൻ ജനുവരിയിൽ ആരംഭിക്കും.
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ.നജീബത്ത്, വസന്ത രമേശ്, കെ.അനിൽകുമാർ, അഡ്വ. അനിൽ.എസ് കല്ലേലിഭാഗം എന്നിവർ മിനിറ്റ്സ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാം.കെ.ഡാനിയൽ, അഡ്വ. സി.പി.സുധീഷ് കുമാർ, അഡ്വ. ബ്രിജേഷ് എബ്രഹാം, അഡ്വ. സുമാലാൽ, ജയശ്രീ വാസുദേവൻ പിള്ള, ബാൾഡുവിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.