ayu

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പദ്ധതിയായ ആയുർപാലിയത്തിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും അഞ്ച് മാസമായി ശമ്പളമില്ല. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം വൈകിയതാണ് ശമ്പളം കുടിശ്ശികയാകാൻ കാരണം.

ഗ്രാമപ്രദേശങ്ങളിലെ കിടപ്പുരോഗികളെ വീടുകളിലെത്തി പരിശോധിച്ച് ആയുർവേദ വിധിപ്രകാരമുള്ള ചികിത്സ നൽകുന്ന പദ്ധതിയാണ് ആയുർപാലിയം. രണ്ടുവർഷം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതിനോടകം നിരവധി പേർക്കാണ് രോഗമുക്തി ലഭിച്ചത്. ജില്ലയിലെ 11 ബ്ലോക്കുകൾക്കും ഓരോ പാലിയേറ്റീവ് സംഘങ്ങളാണുള്ളത്. ഡോക്ടർ, നഴ്സ്, തെറാപ്പിസ്റ്റ്, ഡ്രൈവർ എന്നിവരടങ്ങുന്നതാണ് സംഘം. ഓരോ സംഘവും ദിവസവും വിവിധ പഞ്ചായത്ത് വാർഡുകളിലെത്തി 18 മുതൽ 20 വരെ രോഗികളെയാണ് പരിചരിക്കുന്നത്. കൂടുതൽ പരിചരണം ആവശ്യമുള്ളവരെ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കും. ശമ്പളമില്ലെങ്കിലും അയുർപാലിയം സംഘം രോഗീപരിചരണത്തിൽ വീഴ്ച വരുത്തിയിട്ടില്ല.

അയുർപാലിയം നൂതന പദ്ധതിയായതിനാൽ ജില്ലാ ആസൂത്രണ സമിതിയുടെ പ്രത്യേക അംഗീകാരം വാങ്ങണമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ മുൻവർഷങ്ങളിലേതിനേക്കാൾ വൈകിയാണ് ഇത്തവണ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

സർക്കാർ വിഹിതം വൈകുന്നു

 ശമ്പളം നൽകാനുള്ള പദ്ധതി വിഹിതം സർക്കാർ നൽകിയില്ല

 ഓണക്കാലത്ത് ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ശമ്പളം

 അഞ്ച് ശമ്പള കുടിശ്ശികയിൽ രണ്ട് മാസത്തേത് നൽകി

 ഡോക്ടർമാർക്കും നഴ്സുമാർക്കും ജൂലായ് മുതൽ അഞ്ച് മാസത്തെയും ഡ്രൈവർമാർക്ക് ഒക്ടോബർ മുതൽ രണ്ട് മാസത്തെ ശമ്പളവുമാണ് കിട്ടാനുള്ളത്

പദ്ധതി ജില്ലയിലെ

11 ബ്ളോക്കുകളിൽ

ഡോക്ടർമാർ, നഴ്സുമാർ, തെറാപ്പിസ്റ്റുമാർ, ഡ്രൈവർമാർ, വാഹനങ്ങൾ

11 വീതം

സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം ലഭിച്ചിട്ടുണ്ട്. ആയുർപാലിയം പദ്ധതിയിലെ ഡോക്ടർമാർ അടക്കമുള്ളവരുടെ നവംബർ വരെയുള്ള ശമ്പളത്തിന്റെ ബിൽ ട്രഷറിയിൽ നൽകി. ഏതാനും ദിവസങ്ങൾക്കകം ലഭിക്കും.

ജില്ലാ പഞ്ചായത്ത് അധികൃതർ