
കൊല്ലം: വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാൻ ഇടയാക്കിയത് പിണറായി വിജയന്റെ ധൂർത്തും ഭരണത്തിലുള്ള കെടുകാര്യസ്ഥതയും കൊണ്ടാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് വൈദ്യുതി ബോർഡിന്റെ കടബാദ്ധ്യത നാൽപ്പത്തിമൂന്ന് ഇരട്ടിയാണ് വർദ്ധിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടി സർക്കാർ 25 വർഷത്തേക്ക് ഒപ്പിട്ട കരാറുകൾ പിണറായ് റദ്ദാക്കിയത് മൂലം ഭീമമായ നഷ്ടമാണ് ബോർഡിന് പ്രതിദിനം ഉണ്ടാകുന്നത്. മണിയാർ പദ്ധതി കരാർ നീട്ടി നൽകരുതെന്ന് വകുപ്പ് മന്ത്രി പറഞ്ഞിട്ടും കാലാവധി നീട്ടിനൽകാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് അഴിമതിയുടെ ഭാഗമായാണ്. മോദിക്ക് പിന്നാലെ പിണറായിയും അദാനിയുടെ പങ്കാളിയായെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ വൈദ്യുതി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ അദ്ധ്യക്ഷയായി. കൃഷ്ണ വേണി ശർമ്മ, ബി.ത്രീദീപ് കുമാർ, അഡ്വ. വിഷ്ണു സുനിൽ പന്തളം, അഡ്വ. ഫേബ സുദർശൻ, പി.ആർ.പ്രതാപചന്ദ്രൻ, ജി.ചന്ദ്രൻ, അഡ്വ. ഉളിയക്കോവിൽ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.