cccc
കടയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയം

കടയ്ക്കൽ : കടയ്ക്കഷ പഞ്ചായത്ത്‌ സ്റ്റേഡിയം അവഗണനയുടെ കോർട്ടിലായിട്ട് വർഷങ്ങളായി. മഴക്കാലമായാൽ കുഴികളിൽ വെള്ളം നിറഞ്ഞ് സ്റ്റേഡിയത്തിൽ ആള് കയറാൻ പറ്റാത്ത സ്ഥിതിയായി. വേനൽ ആയാൽ പൊടിപടലങ്ങൾ കൊണ്ട് സ്റ്റേഡിയം നിറയും.

സംരക്ഷണമില്ലാതെ ടർഫ്

വർഷങ്ങൾക്ക് മുമ്പ് കടയ്ക്കൽ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്റ്റേഡിയത്തിന്റ ഒരു ഭാഗത്ത്‌ ക്രിക്കറ്റ് പരിശീലനത്തിനായി പ്രത്യകം ക്രീസ് തയ്യാറാക്കിയെങ്കിലും ഇപ്പോഴത് വള്ളിച്ചെടികൾ മൂടി ടർഫുകളും മറ്റും പൊളിഞ്ഞു നാശമായ അവസ്ഥയിലാണ്. ക്ലബിലെ അംഗങ്ങൾ ധനസമാഹരണം നടത്തി നിർമ്മിച്ചതാണ് ഈ ടർഫ്. എന്നാൽ നോക്കാനോ സംരക്ഷിക്കാനോ ആളില്ലാത്തതിനാലാണ് അത് നശിച്ചത്. ഇപ്പോൾ അനധികൃത ഡ്രൈവിംഗ് പരിശീലനകേന്ദ്രമായി ഇവിടം മാറി.

മാലിന്യം തള്ളാനുള്ള ഇടം

മാസങ്ങൾക്കു മുൻപ് വൈകുന്നേരങ്ങളിൽ വോളിബാൾ, ബാഡ്മിന്റൺ പരിശീലനത്തിനായി യുവാക്കൾ എത്തുമായിരുന്നു. എന്നാൽ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകളും ഹൈ മാസ്‌റ്റ് ലൈറ്റും കണ്ണടച്ചതോടെ ആ കളികളും നിലച്ചു. ഇപ്പോൾ ഗ്രാമ പഞ്ചായത്തിലെ മാലിന്യങ്ങളും കല്ലും മണ്ണും കൊണ്ട് തള്ളാനുള്ള ഇടമായി സ്റ്റേഡിയം മാറി. പഞ്ചായത്തിലെ യുവാക്കളുടെ കായിക അഭിരുചികൾ വളർത്തിയെടുക്കാൻ സ്ഥാപിച്ച സ്റ്റേഡിയം അധികൃതരുടെ അനാസ്ഥ മൂലം നശോന്മുഖമായ നിലയിലാണ്. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് സിന്തെറ്റിക് ട്രാക്കും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കി നവീകരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഈ തുക ഇപ്പോൾ ചടയമംഗലത്തെ പഞ്ചായത്ത്‌ സ്റ്റേഡിയത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.