ശാസ്താംകോട്ട. തടാകതീരത്ത് പുതുശേരിമുകളിലെ വിവാദ മണ്ണെടുപ്പ് സ്ഥലം തഹസിൽദാർ സുനിലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മൈനിംഗ് ജിയോളജി വകുപ്പു നൽകിയ അനുമതി പത്ര പ്രകാരം ഇവിടെ കുന്നിടിച്ച് 1703 ലോഡ് മണ്ണ് കൊണ്ടുപോകേണ്ടത് 17മുതലാണ്. പ്രദേശത്ത് ഖനന മാഫിയ എത്തുന്നത് നോക്കി വിവിധ രാഷ്ട്രീയ യുവജന സംഘടനകളും പരിസ്ഥിതി സംഘടനകളും കാവലുണ്ട്. റവന്യൂ അധികൃതരോട് ഒരു റിപ്പോർട്ടും വാങ്ങാതെയാണ് ഖനന പെർമിറ്റ് നൽകിയത്. 2013നുശേഷം പൂർണമായി നിലച്ച മണ്ണ് കടത്തലാണ് പുനരാരംഭിക്കാൻ നീക്കം നടന്നത്. പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഒരു വനിതയ്ക്ക് വീടുവയ്ക്കാൻ നൽകിയ പെർമിറ്റിന്റെ മറവിലാണ് തടാക തീരത്തെ, പഞ്ചായത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഖനനനിരോധനം മറികടന്ന് ജില്ലാ മൈനിംഗ് ജിയോളജി ഓഫീസർ അനുമതി നൽകിയത്. വീട് പെർമിറ്റ് പഞ്ചായത്ത് ഇന്നലെ റദ്ദാക്കി. ജിയോളജി വകുപ്പ് നൽകിയ ഖനന പെർമിറ്റ് റദ്ദാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. 6 ലക്ഷത്തിൽ പരം രൂപ സർക്കാരിൽ അടച്ച ശേഷമാണ് ഖനന സംഘങ്ങൾ സ്ഥലത്തെത്തിയിരിക്കുന്നത്. ഇതിനാൽതന്നെ ഇത് വീടുവയ്ക്കാൻ ശ്രമം നടത്തുന്ന ഒരു കുടുംബമല്ലെന്നും മാഫിയാസംഘമാണെന്നും തടാക സംരക്ഷണസമിതി ആരോപിക്കുന്നു.