കൊല്ലം: ഡിസൈൻ മേഖലയിൽ സ്വദേശത്തും വിദേശത്തും അനന്തസാദ്ധ്യതകളാണ് ഉള്ളതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ (കെ.എസ്.ഐ.ഡി) ആതിഥേയത്വം വഹിക്കുന്ന 'മീറ്റ് ദി ക്രിയേറ്റർ 24" ദേശീയ ഡിസൈൻ ഫെസ്റ്റിവൽ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രൂപകൽപ്പനകൾ പരിസ്ഥിതി സൗഹൃദമാകണം. കേരള ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡിസൈനിനെ ലോകോത്തര നിലവാരത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എം മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ ഇലക്ട് പ്രസിഡന്റ് ഡോ.പ്രത്യുമ്ന വ്യാസിനെ ചടങ്ങിൽ ആദരിച്ചു.

കേരള ടൂറിസം സെക്രട്ടറി കെ.ബിജു വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഐ.ഡി പ്രിൻസിപ്പൽ ഡോ. കെ.മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെയ്‌സ് മാനേജിംഗ് ഡയറക്ടർ സുഫിയാൻ അഹമ്മദ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, വാർഡ് അംഗം വി.വിജയലക്ഷ്മി, സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ ബിജിൻ രാജീവ് തുടങ്ങിയവർ സംസാരിച്ചു. 19 വരെയാണ് ഫെസ്റ്റ്.