കൊല്ലം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡി.ഡി.ഇ ഓഫീസ് ഉപരോധത്തിൽ നേരിയ സംഘർഷം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ച കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നീണ്ടത്. പിന്നീട് കൂടുതൽ പൊലീസ് സംഘമെത്തി ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
പ്രകടനമായെത്തിയ പ്രവർത്തകരെ തടയാൻ പൊലീസ് ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാൽ കെ.എസ്.യു പ്രവർത്തകർ മതിൽ ചാടിക്കടന്ന് ഓഫീസിനുള്ളിൽ പ്രവേശിച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിക്കുകയായിരുന്നു. അദ്ധ്യാപകർ ചോദ്യങ്ങൾ ചോർത്തി സ്വകാര്യ ട്യൂഷൻ സെന്ററിന്റെ യൂട്യൂബ് ചാനൽ വഴി വിദ്യാർത്ഥികൾക്ക് നൽകിയത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫീക്കർ പറഞ്ഞു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമാരായ റിജിൻ എസ്.പണിക്കർ, നെസ്ഫൽ കലത്തിക്കാട്, ഫൈസൽ കുഞ്ഞുമോൻ, ജനറൽ സെക്രട്ടറിമാരായ അജ്മൽ പുത്തയം, ശ്യാംകുമാർ, സൈദു, സെക്രട്ടറിമാരായ നസ്മൽ വിളക്കുപറ, അജിൻ, അരവിന്ദ്, നിഷാദ് എന്നിവർ നേതൃത്വം നൽകി.