തീരത്തെ 5 ഡിവിഷനുകളിൽ ഇടപെടൽ
കൊല്ലം: നഗരത്തിലെ തീരമേഖലയിൽ മാലിന്യം കുന്നുകൂടുന്നത് ഒഴിവാക്കാൻ പ്രത്യേക പദ്ധതിയുമായി കോർപ്പറേഷൻ. തീരത്തെ അഞ്ച് ഡിവിഷനുകളിൽ നിന്ന് അജൈവ, ജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനയെ നിയോഗിച്ച് മൂന്ന് മാസം സൗജന്യമായി ശേഖരിക്കും. പിന്നീട് നിശ്ചിത തുക യൂസർ ഫീ ഇടാക്കും.
കൊല്ലം ബീച്ച്, പള്ളിത്തോട്ടം, മൂതാക്കര, വാടി ഹാർബറുകളിലെ മാലിന്യക്കൂന കാരണം അസഹ്യമായ ദുർഗന്ധവും പകർച്ചാവ്യാധി ഭീഷണിയുമുണ്ട്. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം. ആശുപത്രികൾ, ഹോട്ടലുകൾ എന്നിവിടങ്ങൾക്ക് പുറമേ തീര മേഖലയിലെ വീടുകളിൽ നിന്നുള്ള അജൈവ മാലിന്യങ്ങളും ഈ ഭാഗങ്ങളിൽ കുന്നുകൂടുകയാണ്. പലതവണ കോർപ്പറേഷൻ അധികൃതർ ഇടപെട്ട് ഇവ നീക്കിയിട്ടുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ പഴയ അവസ്ഥയാകും. തീരപ്രദേശത്തെ പല വീടുകളിലും മാലിന്യസംസ്കരണത്തിന് കാര്യമായ ഇടമില്ല. കോർപ്പറേഷൻ തീരമേഖലകളിൽ സ്ഥാപിച്ച മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താത്ത അവസ്ഥയുമുണ്ട്. ദിവസങ്ങൾക്കുള്ളിൽ തീരപ്രദേശം കേന്ദ്രീകരിച്ച് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിക്കും. മാലിന്യങ്ങൾ ദൂരെ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ കൊണ്ടുവന്ന് തീരത്ത് നിക്ഷേപിക്കുന്നത് തടയാൻ പ്രത്യേക നിരീക്ഷണവും ഉണ്ടാകും.
 50 സെന്റിൽ സംസ്കരണ യൂണിറ്റ്
കൊല്ലം പോർട്ടിന് സമീപം തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോർപ്പറേഷന്റെ നേതൃത്വത്തിൽ വൈകാതെ മാലിന്യ സംസ്കരണ സംവിധാനമൊരുക്കും. അജൈവ മാലിന്യം സംഭരിച്ച് വേർതിരിക്കുന്ന എം.സി.എഫിന് പുറമേ ജൈവ മാലിന്യം സംഭരിക്കാനുള്ള സംവിധാനങ്ങളുമുണ്ടാവും.
ജൈവ മാലിന്യം ശേഖരിക്കുന്ന ഡിവിഷനുകൾ
മുണ്ടയ്ക്കൽ, പള്ളിത്തോട്ടം, പോർട്ട്, കൈക്കുളങ്ങര, തങ്കശ്ശേരി
തീരമേഖലയിൽ മാലിന്യസംസ്കരണത്തിന് നഗരസഭ നിരവധി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുത്താത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് ഹരിതകർമ്മസേന വഴി വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്നത്. തീരം കേന്ദ്രീകരിച്ച് ബോധവത്കരണവും ഉണ്ടാകും
കോർപ്പറേഷൻ അധികൃതർ