കൊട്ടാരക്കര: കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ മെയിൻ റോഡിൽ അപകടക്കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. ട്രാഫിക് ഐലൻഡിന് സമീപം കൊല്ലം ചെങ്കോട്ട ദേശീയ പാതയിൽ നിന്ന് പുത്തൂർ ഭാഗത്തേക്കു തിരിയുന്ന മൂലയിലെ ഓടയ്ക്കു മുകളിലുള്ള സ്ളാബ് തകർന്ന് പടുകുഴി രൂപപ്പെട്ടിരിക്കുകയാണ്. നിരന്തരം ഇവിടെ റോഡ് സേഫ്റ്റി വിഭാഗവും ട്രാഫിക് പൊലീസും നിലയുറപ്പിക്കാറുണ്ട്. ദേശീയ പാത വികസന സമിതി ഓഫീസിന് വിളിപ്പാടകലെയാണ് ഈ അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്.
അപകടക്കുഴി നീക്കം ചെയ്യണം
കോർണർ കഫേക്ക് സമീപം റോഡ് ക്രോസു ചെയ്യുന്നതിനും മറ്റും എപ്പോഴും ആളുകൾ എത്താറുണ്ട്. മഴ വെള്ളം കെട്ടിക്കിടന്നാൽ റോഡിലെ ഈ ചതിക്കുഴി പലപ്പോഴും കാണാൻ സാധിക്കില്ല. തകർന്ന സ്ളാബിലെ കോൺക്രീറ്റു പാളികൾ അടർന്നു പോയശേഷം പുറത്തേക്കു തള്ളി നിൽക്കുന്ന കമ്പികളും അപകടമുണ്ടാക്കാറുണ്ട്. ജന പ്രതിനിധികളും പൊതു പ്രവർത്തകരും കാൽനടയായി പോകുന്ന ഭാഗത്തെ ഈ അപകടക്കുഴി എത്രയും വേഗം നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.