exam

കൊല്ലം: അഞ്ചൽ തടിക്കാട് ടി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഒന്നാം വർഷക്കാരുടെ ചോദ്യ പേപ്പർ മാറി നൽകി. തിങ്കളാഴ്ച വി.എച്ച്.എസ്.ഇ പ്ലസ് ടു കൊമേഴ്സുകാരുടെ മാനേജ്മെന്റ് പരീക്ഷയ്ക്ക് പ്ലസ് മാനേജ്മെന്റിന്റെ ചോദ്യ പേപ്പറാണ് മാറി നൽകിയത്.

രണ്ട് ക്ലാസ് മുറികളിലായാണ് പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഇരുന്നത്. ഇതിൽ അഞ്ച് വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ക്ലാസ് മുറിയിലാണ് ചോദ്യ പേപ്പർ മാറി വിതരണം ചെയ്തത്. ചോദ്യ പേപ്പർ കൈയിൽ കിട്ടിയതിന് പിന്നാലെ വിദ്യാർത്ഥികൾ കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ തിരികെ വാങ്ങി. പ്രിൻസിപ്പലിന് ഒന്നാം വർഷത്തിന്റെയും രണ്ടാം വർഷത്തിന്റെയും ചോദ്യ പേപ്പറുകൾ ഇ - മെയിലായി ലഭിച്ചിരുന്നു. രണ്ടും ഒരുമിച്ച് പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നു. പിന്നീട് ക്ലാസ് മുറിയിൽ വിതരണം ചെയ്യാനായി എടുത്തപ്പോൾ മാറിപ്പോയെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തെ തുടർന്ന് വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ സ്കൂളിലെത്തി പ്രിൻസിപ്പൽ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി.