കൊല്ലം: ജില്ലാ കൺസ്യൂമർ കമ്മിഷനിലേക്കുള്ള റോഡ് സഞ്ചാര യോഗ്യമാക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതി പ്രവർത്തകർ കൊല്ലം റെയിൽവേ അസി. ഡിവിഷണൽ എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് പടിക്കൽ നടന്ന ധർണ സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമലയും കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സമിതി കൊല്ലം താലൂക്ക് പ്രസിഡന്റ് ആർ. ജയകുമാറും ഉദ്ഘാടനം ചെയ്തു. സമിതി ഭാരവാഹികളായ ലൈക്ക് പി ജോർജ്, പിന്നാട്ട് ബാബു, കല്ലുമ്പുറം വസന്തകുമാർ, ആർ. സുമിത്ര, ശ്യാം ചന്ദ്രൻ, കുണ്ടറ ഷറഫ്, ഷിഹാബ് പൈനുമൂട് എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണയ്ക്കും അയത്തിൽ സുദർശനൻ, കുണ്ടറ ഷാജഹാൻ, മധു കവിരാജ്, എൻ.എം. രാജൻ, രാജു ഹെൻറി, സുരേഷ്ബാബു എന്നിവർ നേതൃത്വം നൽകി.