കൊല്ലം: ഇ.പി.എഫ് മിനിമം പെൻഷൻ അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും സുപ്രീം കോടതി വിധി പ്രകാരം ഉയർന്ന വേതനത്തിന്റെ അടിസ്ഥാനത്തിൽ പെൻഷന് അർഹരായ എല്ലാവർക്കും എത്രയും വേഗം ഉയർന്ന പെൻഷൻ അനുവദിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. സർക്കാരും ഇ.പി.എഫ്.ഒയും കടുത്ത അനീതിയും ഗുരുതരമായ ക്രമവിരുദ്ധ നടപടികളുമാണ് പാവപ്പെട്ട ഇ.പി.എഫ് പെൻഷൻക്കാരായ തൊഴിലാളികളോട് സ്വീകരിച്ച് വരുന്നത്. 2014 മുതൽ ഇ.പി.എഫ് പെൻഷൻകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിരവധി നിവേദനങ്ങളും ഇടപെടലുകളും നിരന്തരമായി നടത്തിയിട്ടും പെൻഷൻകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കുന്നില്ല.
2022 നവംബർ 4ന് സുപ്രീം കോടതി ഉയർന്ന വേതനത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ നിശ്ചയിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് വർഷം കഴിഞ്ഞിട്ടും കേരളത്തിൽ ഉയർന്ന പെൻഷന് അർഹതയുള്ളവരിൽ അപേക്ഷ നൽകിയ രണ്ട് ശതമാനം പേർക്ക് മാത്രമേ ഉയർന്ന പെൻഷൻ നൽകിയിട്ടുള്ളു. ആഗസറ്റ് 7 വരെ 17.48 ലക്ഷം പേർ അപേക്ഷ നൽകിയതിൽ 8401 അപേക്ഷകർക്ക് മാത്രമാണ് ഇ.പി.എഫ്.ഒ ഉയർന്ന പെൻഷൻ അനുവദിച്ചതെന്നും എം.പി ചൂണ്ടിക്കാട്ടി.