6000 കുടുംബങ്ങളിൽ വെള്ളമെത്തിക്കാൻ താത്കാലിക സൗകര്യം
കൊല്ലം: ചവറയിൽ ശുദ്ധജല പൈപ്പ്‌ലൈൻ തകർന്നതിനെത്തുടർന്ന് ചവറ, നീണ്ടകര പഞ്ചായത്തുകളിലും കൊല്ലം കോർപ്പറേഷൻ പരിധിയിലുമുണ്ടായ ജലദൗർലഭ്യം പരിഹരിക്കാൻ തീവ്രശ്രമം. നീണ്ടകര പഞ്ചായത്തിലെ 13 വാർഡുകളിലുള്ള 6,000 കുടുംബങ്ങൾക്ക് ഇന്ന് മുതൽ വെള്ളം ലഭിക്കാൻ താത്കാലിക സൗകര്യം ഒരുക്കിയതായി വാട്ടർഅതോറിട്ടി അധികൃതർ പറഞ്ഞു.
250 മില്ലിമീറ്റർ വ്യാസമുള്ള പി.വി.സി പൈപ്പ് ടി.എസ് കനാലിലൂടെ ചവറ പഞ്ചായത്തിന്റെ ഭാഗത്തുള്ള പഴയ ജലനിധി പൈപ്പുമായി ബന്ധിപ്പിച്ച ശേഷം വെള്ളത്തിനടിയിലൂടെ മറുകരയിലുളള പ്രധാന പൈപ്പ് ലൈനിലും കണകട് ചെയ്താണ് നീണ്ടര പഞ്ചായത്തിലേക്ക് വെള്ളമെത്തിക്കാൻ ശ്രമിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. നീണ്ടകര പഞ്ചായത്തിൽ ഇന്ന് മുതൽ വെള്ളം ലഭ്യമാകുമെങ്കിലും കോർപ്പറേഷൻ പരിധിയിൽ വെള്ളമെത്താൻ നാല് ദിവസം വരെ കാത്തിരിക്കണം. നീണ്ടകരയിലെ കിണറുകളിൽ ഉപ്പ് വെള്ളമായതിനാൽ വാട്ടർ അതോറിട്ടിയുടെ വെള്ളമായിരുന്നു പ്രധാന ആശ്രയം. രണ്ട് ദിവസമായി പ്രാഥമികാവശ്യങ്ങൾക്ക് പോലുമുള്ള വെള്ളം ലഭിച്ചിരുന്നില്ല. വലിയ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയായിരുന്നു.
ഭൂരിഭാഗം വീടുകളിലും വാട്ടർ ടാങ്കുകൾ ഇല്ലാത്തതിനാൽ വെള്ളം സംഭരിച്ച് വയ്ക്കാൻ കഴിയാതിരുന്നതും ഇരുട്ടടിയായി. ചവറ കെ.എം.എം.എൽ, ഐ.ആർ.ഇ എന്നീ പൊതുമേഖല സ്ഥാപനങ്ങൾ നീണ്ടകര പഞ്ചായത്തുമായി ചേർന്ന് ഇന്നലെ മുതൽ ടാങ്കറുകളിൽ വെള്ളമെത്തിച്ചതിനാൽ ദുരിതത്തിന് ചെറിയൊരു ആശ്വാസം ലഭിച്ചു. സുജിത്ത് വിജയൻ പിള്ള എം.എൽ.എയുടെ അടിയന്തര ഇടപെടലിന്റെ ഭാഗമായാണ് വെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്. വാട്ടർ അതോറിട്ടിയുടെ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ചാണ് ജലവിതരണം പൂർണമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ദേശീയപാതയ്ക്കു സമാന്തരമായി ചവറ പാലത്തിനു സമീപം പ്രധാന പൈപ് ലൈൻ പൊട്ടിയത്. കാലപ്പഴക്കം മൂലം ഇരുമ്പ് കവചം തകർന്ന് പൈപ്പ് ടി.എസ് കനാലിൽ വീഴുകയായിരുന്നു.
കോർപ്പറേഷൻ പരിധിയിൽ
അഞ്ചുലക്ഷം പേർ ദുരിതത്തിൽ
കൊല്ലം കോർപ്പറേഷൻ പരിധിയിൽ അഞ്ച് ലക്ഷത്തോളം പേരെ കുടിവെള്ള പ്രശ്‌നം ബാധിച്ചിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിൽ വെള്ളമെത്തിക്കാനുള്ള നടപടികളും അതിവേഗമാണ് പുരോഗമിക്കുന്നത്. സുജിത്ത് വിജയൻപിള്ള എംഎൽഎ, ജലഅതോറിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം ഉഷാലയം ശിവരാജൻ, മേയർ പ്രസന്ന ഏണസ്റ്റ്, വാട്ടർ അതോറിട്ടി സൗത്ത് സോൺ ചീഫ് എൻജിനീയർ നാരായണൻ നമ്പൂതിരി, സൂപ്രണ്ടിംഗ് എൻജിനീയർ സബീർ എ.റഹിം, കൊല്ലം എക്‌സിക്യുട്ടിവ് എൻജിനീയർ മഞ്ജു ജെ.നായർ, പ്രോജക്ട് ഡിവിഷൻ എക്‌സിക്യുട്ടിവ് എൻജിനീയർ രാജേഷ് ഉണ്ണിത്താൻ, ശാസ്താംകോട്ട അസി.എക്‌സിക്യുട്ടീവ് എൻജിനീയർ വർഗീസ് ഏബ്രഹാം, ചവറ അസി.എക്‌സിക്യുട്ടീവ് എൻജിനീയർ താര, എക്‌സിക്യൂട്ടീവ് എൻജിനീയർ തുളസീധരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
കോർപ്പറേഷനിലേക്ക് വലിയ പൈപ്പ്
650മില്ലി മീറ്റർ വ്യസമുള്ള പൈപ്പ് സ്ഥാപിച്ചാണ് കോർപ്പറേഷനിലേക്ക് വെള്ളമെത്തിക്കാൻ ശ്രമിക്കുന്നത്. വെള്ളത്തിനടിയിൽ ഡ്രഡ്ജിംഗ് നടത്തി ചെളിയുൾപ്പെടെയുള്ളവ നീക്കം ചെയ്ത് എച്ച്.ഡി.പി (ഹൈ ഡെൻസിറ്റി പോളി എഥിലിൻ) പൈപ്പ് ഇറക്കും. വള്ളങ്ങൾക്കും മറ്റും സഞ്ചരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണ് ഡ്രഡ്ജിംഗ് നടത്തുന്നത്. സ്ഥിരം സംവിധാനം ഒരുക്കാൻ മൂന്ന് മാസം വരെ സമയമെടുക്കും. എച്ച്.ഡി.പി പൈപ്പ് വഴിയുള്ള താത്കാലിക ജല വിതരണം മൂന്ന് ദിവസത്തിനുള്ളിൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലും ആലപ്പുഴയിലും ഇത്തരത്തിൽ എച്ച്.ഡി.പി പൈപ്പുകൾ സ്ഥാപിച്ച് പരിചയമുള്ള കൊച്ചിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് രംഗത്തുള്ളത്. വിശ്രമിക്കാതെ അദ്ധ്വാനം ഞായറാഴ്ച കുടിവെള്ള പൈപ്പ് ലൈൻ തകർന്നതു മുതൽ ജലവിതരണം പുന:സ്ഥാപിക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ് വാട്ടർ അതോറിട്ടിജീവനക്കാർ. സംഭവം നടന്ന ഉടൻ തന്നെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും എം.എൽ.എ അടക്കമുള്ളവരും സ്ഥലത്തെത്തിയിരുന്നു. ഞായറാഴ്ചയായതിനാൽ ജീവനക്കാരുടെ കുറവുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ചയോടെ എണ്ണയിട്ട യന്ത്രംപോലെയാണ് ഉദ്യോഗസ്ഥരും ജീവനക്കാരും പ്രവർത്തിച്ചത്. വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർമാർ, എക്‌സിക്യൂട്ടീവ് എൻജീനിയർമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെ യ്യുന്നുണ്ട്.