a

കൊല്ലം: സ്കൂൾ വാഹനം മൊബൈൽ ഫോൺ വഴി രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാനായി മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന വിദ്യാവാഹൻ ആപ്പ് മൂന്നു മാസമായി പണിമുടക്കിൽ. ആപ്പിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കൾക്ക് സ്ഥിരീകരണത്തിനായി അയയ്ക്കുന്ന ഒ.ടി.പി പാക്കേജിന്റെ കാലാവധി അവസാനിച്ചതാണ് പ്രശ്നം. സ്കൂൾവാഹനത്തിന്റെ വേഗം അറിയാനും ഇതുമൂലം കഴിയുന്നില്ല.

പുതുക്കാനുള്ള പണത്തിനായി മോട്ടോർ വാഹന വകുപ്പും വിദ്യാവാഹൻ ആപ്പിന് സാങ്കേതിക സഹായം നൽകുന്ന സി-ഡാക്കും സർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഏതാനും ദിവസം മുമ്പ് കൊല്ലത്ത് സ്കൂൾ ബസിന് തീപിടിച്ചതറിഞ്ഞ് തങ്ങളുടെ മക്കൾ പഠിക്കുന്ന ബസാണോയെന്ന് അറിയാൻ വിദ്യാവാഹൻ മൊബൈൽ ആപ്ലിക്കേഷനിൽ തെരയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ആപ്പ് നിലവിൽ വന്ന് മൂന്നു വർഷമായെങ്കിലും ഈ അദ്ധ്യയനവർഷത്തിന്റെ ആരംഭത്തിൽ മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഭയപ്പെടുത്തിയാണ് സംസ്ഥാനത്തെ എല്ലാ സ്കൂൾ ബസുകളെയും ആപ്പിൽ രജിസ്റ്റർ ചെയ്യിപ്പിച്ചത്.

പിന്നീട് സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഫോൺ നമ്പർ ആപ്പിൽ ഉൾപ്പെടുത്തി. ഈ ഫോൺ നമ്പർ യൂസർ ഐ.ഡിയായി ഉപയോഗിച്ചാണ് രക്ഷിതാക്കൾ ആപ്പിൽ പ്രവേശിച്ച് വിവരങ്ങൾ മനസിലാക്കേണ്ടത്. ജി.പി.എസ് സംവിധാനത്തിലൂടെയാണ് ആപ്പിൽ സ്കൂൾ ബസിന്റെ വിവരങ്ങൾ ലഭ്യമാകുന്നത്. വാഹനം അപകടത്തിൽപ്പെട്ടാൽ അറിയിപ്പും ലഭിക്കും.

ആപ്പിൽ രജിസ്റ്റർ ചെയ്ത സ്കൂൾ വാഹനങ്ങൾ- 21490

സ്കൂളുകൾ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ- 480032

ഈ അദ്ധ്യയന വർഷത്തിന്റെ ആരംഭം മുതൽ വിദ്യാവാഹൻ ആപ്പിൽ പ്രവേശിച്ച് സ്കൂൾ ബസ് ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇപ്പോൾ ആപ്പിൽ പ്രവേശിക്കാനും കഴിയുന്നില്ല.

എസ്.സുനിൽകുമാർ, രക്ഷിതാവ്