കുന്നിക്കോട് : അടുക്കള വാതിൽ കുത്തി തുറന്ന് പണമടങ്ങിയ ബാഗ് കവർന്നു. കുന്നിക്കോട് കാവൽപ്പുരം മദ്രസയ്‌ക്ക് സമീപം സി.പി.എം പ്രവർത്തകനായ താജുദീന്റെ വീടായ തൗഫീഖ് മൻസിലിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കുന്നിക്കോട് ജമാ അത്തിന്റെ വിവിധയിനത്തിലുള്ള പ്രതിമാസ പിരിവുകൾ നടത്തുന്ന താജുദീൻ സദാ കൈയ്യിൽ കരുതുന്ന ബാഗാണ് കവർന്നത്. ഇതിൽ ഏകദേശം 2000 രൂപ ഉണ്ടായിരുന്നതായി താജുദീൻ പറഞ്ഞു. താജുദീന്റെ ഭാര്യ വെള്ളം കുടിക്കാനെഴുന്നേറ്റപ്പോൾ കൊളുത്തുകൾ ഇടാതിരുന്ന ജനൽപാളി മെല്ലെ തുറന്ന് ഒരാൾ ബാഗ് വീടിനകത്തേക്ക് തിരികെ ഇടുന്നത് കണ്ടതോടെ ബഹളം വച്ചു. അപ്പോഴാണ് അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. പണം എടുത്ത ശേഷം ബാഗ് തിരികെ ഇടുകയായിരുന്നു . കിണർ പണിക്കും മറ്റുമുപയോഗിക്കുന്ന കട്ട മഴു ഉപയോഗിച്ചാണ് വാതിൽ തിക്കി തുറന്നത്. മഴു സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വലിയ തുക ബാഗിലുണ്ടാകുമെന്ന് അറിയുന്ന വ്യക്തിയാണ് മോഷ്‌ടാവെന്ന് താജുദീൻ പറയുന്നു. കഴിഞ്ഞ ദിവസം കൂടുതൽ പണം ലഭിച്ചെങ്കിലും അത് ബാങ്കിൽ നിക്ഷേപിച്ചിരുന്നു. വീടിനകത്ത് ഉറങ്ങി കിടന്ന മൂന്ന് കുട്ടികളുടെ ദേഹത്ത് അത്യാവശ്യം ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ബാഗ് മാത്രമാണ് മോഷ്‌ടാവ് ലക്ഷ്യമിട്ടത്. പുലർച്ചെ തന്നെ സ്ഥലത്ത് എത്തിയ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സുരക്ഷാ കാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്.