കൊല്ലം: ഇത്തിക്കര സബ് വേ വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിൽ നിന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ മൈലക്കാട് സന്തോഷ്‌ അടക്കമുള്ള ഭാരവാഹികൾ പിന്മാറി. എൻ.കെ.പ്രേമചന്ദ്രൻ.എം.പിയുടെയും യു.ഡി.എഫ് നേതാക്കളുടെയും ഇരട്ടതാപ്പിൽ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്ന് രാജിവച്ചവർ പറഞ്ഞു.

ആയൂർ റോഡിൽ നിന്ന് വരുന്നവർക്ക് ദേശീയപാത മുറിച്ചുകടക്കാൻ ഇത്തിക്കരയിൽ സബ് വേ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഇക്കാര്യം ഉന്നയിച്ച് ദേശീയപാത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ നിർമ്മാണത്തിന്റെ രൂപരേഖ സംബന്ധിച്ച് പത്ത് തവണ സ്ഥലം എം.പി, എം.എൽ.എമാർ, ഉദ്യോഗസ്ഥർ എന്നിവർ ഒന്നിച്ചിരുന്ന് ചർച്ച നടത്തിയിരുന്നു. എന്നാൽ ഒരു തവണ പോലും പ്രശ്നം ഉന്നയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി മൈലക്കാട് സന്തോഷ് പറഞ്ഞു.