ch
ക്രിസ്മസ് പപ്പയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ടുകൾ വാങ്ങുന്ന കുടുംബം. കാവനാട് ജംഗ്ഷനിലെ വസ്ത്ര വ്യാപാരശാലയിൽ നിന്നുള്ള ദൃശ്യം

കൊല്ലം: ക്രിസ്മസിന് ദിവസങ്ങൾ ശേഷിക്കെ ആഘോഷം കളറാക്കാൻ പുത്തൻ ട്രെൻഡുകളുമായി വസ്ത്രവിപണി. ചുവപ്പും വെളുപ്പും നിറമുള്ള കുർത്തി, കുർത്ത, ചുരിദാർ, ഫ്രോക്കുകൾക്ക് പുറമെ സാരിയിലും ടീ ഷർട്ടിലും ഹുഡിയിലും വെറ്റൈറി പരീക്ഷിക്കുകയാണ് വിപണി.

ചുവപ്പും വെളുപ്പും ഇടകലർന്ന വസ്ത്രങ്ങളും സുലഭം. ഷർട്ടിലും ടീ ഷർട്ടിലും സാരിയിലുമെല്ലാം സാന്റാക്ലോസ്, ക്രിസ്മസുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഉൾപ്പെടുത്തിയാണ് പ്രിന്റുകൾ. സാന്റാക്ലോസിന്റെ രൂപങ്ങൾ പ്രിന്റ് ചെയ്ത വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 350 രൂപ മുതലാണ് തുടക്കം.

ചുവപ്പിൽ തന്നെ ഡീപ് റെഡ്, വൈൻ റെഡ് ചോദിച്ചെത്തുന്നവരും കൂടുതലാണ്. ഇതിന് പുറമെ ചുവപ്പിൽ വെള്ളപ്പുള്ളിയുള്ള ഷർട്ടുകളാണ് താരം. ഒപ്പം ഫുൾ, ഹാഫ് സ്ലീവ് പ്രിന്റഡ് ഷർട്ടുകളും ബാഗി, പാരച്യൂട്ട് പാന്റുകളും എത്തിയിട്ടുണ്ട്. കൂടാതെ സ്കിന്നി, ഫ്‌ളെയേർഡ്, ബൂട്ട്കട്ട് ജീൻസുകളും ക്രോപ്പ് ടോപ്പ്, ക്രോപ്പ് ഷർട്ട് എന്നിവയുമുണ്ട്. ക്രിസ്മസ് അപ്പൂപ്പന്റെ ഓർമ്മയിൽ കുട്ടികൾക്കായി ചുവപ്പും വെളുപ്പും വസ്ത്രങ്ങൾ വെൽവെറ്റിലാണ് ചെയ്തിട്ടുള്ളത്. കുട്ടിക്കൂട്ടത്തിന് വെൽവെറ്റ് ഉടുപ്പുകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

വിപണി കീഴടക്കി സാന്റാ വേഷം

 സാന്റാക്ലോസ് വസ്ത്രങ്ങളും കടകളിൽ നിരന്നു

 ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാം

സാന്റാ സെറ്റുകൾ 200 രൂപ മുതൽ ലഭ്യം

 ലൈറ്റുള്ള തൊപ്പിക്കളും സുലഭം

ആവശ്യക്കാരിൽ അധികവും കുട്ടികൾ

കച്ചവടക്കാരുടെ ഓഫറും ലഭ്യം

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഡിസംബർ മുതൽ തിരക്കുണ്ട്. ക്രിസ്മസ് അടുക്കുന്നതോടെ കച്ചവടം കൂടുതൽ മെച്ചപ്പെടും.

ഉദയകുമാർ, ജസ്റ്റ് ബാക്ക് ഉടമ, കാവനാട്