കൊല്ലം: രൂപയുടെ മൂല്യത്തകർച്ചയിൽ കശുഅണ്ടി മേഖലയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാക്കി. ഫാക്ടറികൾ താത്കാലികമായി വീണ്ടും അടച്ചിടേണ്ട സാഹചര്യമാണുള്ളത്. രൂപയുടെ തകർച്ചയിൽ ഉത്പാദന ചെലവും വർദ്ധിച്ചു. പത്ത് വർഷം മുമ്പ് അമേരിക്കൻ ഡോളറിന്റെ മൂല്യം 62.33 രൂപയായിരുന്നു. ഇന്നത്തെ മൂല്യം 85.76 രൂപയാണ്.
1000 മെട്രിക്ക് ടൺ ടാൻസാനിയൻ തോട്ടണ്ടിക്ക് 2014ൽ 1507 ഡോളറായിരുന്നു (ഏകദേശം 9.40 കോടി രൂപ) വില. നിലവിലത് 2043 ഡോളറാണ്. നിലവിലെ ഡോളർ മൂല്യത്തിൽ വാങ്ങിയാൽ (17.52 കോടി) രൂപയാകും. ഇത് മൂലം ഏകദേശം 8.12 കോടിയുടെ നഷ്ടമാണ് ഉണ്ടാവുക. കാഷ്യു കോർപ്പറേഷന് പ്രതിവർഷം 10000 മെട്രിക്ക് ടൺ തോട്ടണ്ടി വാങ്ങേണ്ടി വരുന്നതിനാൽ ഏകദേശം 81.20 കോടി രൂപ അധികം വേണ്ടിവരും. കൂടാതെ തൊഴിലാളികളുടെ വേതനം 2014നെ അപേക്ഷിച്ച് ഇരട്ടിയായി.
പരിപ്പ് വില ഇടിയുകയും നിലവാരം കുറഞ്ഞ പരിപ്പ് കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയമാണ് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നത്.
കേന്ദ്ര സഹായം ലഭിക്കുന്നില്ല
നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കാഷ്യു കോർപ്പറേഷൻ ഈ വർഷം ചെറിയ ലാഭത്തിലെത്തിയെങ്കിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായമില്ലാതെ നിലനിൽക്കാനാകില്ല. സംസ്ഥാന സർക്കാർ തോട്ടണ്ടി വാങ്ങാൻ കാഷ്യു ബോർഡിന് ഏകദേശം 40 കോടി രൂപയോളം ധനസഹായം നൽകി. ഇതിലൂടെയാണ് കാഷ്യു കോർപ്പറേഷനും കാപ്പെക്‌സും പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് പുനരുദ്ധാരണത്തിന് യാതൊരു പാക്കേജും ഇതുവരെ ലഭിച്ചിട്ടില്ല.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കശുഅണ്ടി മേഖലയ്ക്ക് പ്രത്യേക പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണം.
എസ്.ജയമോഹൻ, ചെയർമാൻ
കാഷ്യു കോർപ്പറേഷൻ