d

 താത്കാലിക പൈപ്പിലൂടെ ചെറിയ അളവിൽ കുടിവെള്ള വിതരണം തുടങ്ങി
 പൈപ്പുകൾ ബന്ധിപ്പിച്ച് ശനിയാഴ്ച വിതരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷ

കൊല്ലം: കഴിഞ്ഞ ഞായറാഴ്ച പൊട്ടിയ ചവറ പാലത്തിന് സമാന്തരമായുള്ള ശാസ്താംകോട്ടയിൽ നിന്നുള്ള കുടിവെള്ള പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ ശനിയാഴ്ച പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷ. അതുവരെ ചവറ പാലത്തിന് ഇപ്പുറം മുതൽ കൊല്ലം കോർപ്പറേൻ പ്രദേശത്ത് അടക്കമുള്ള ആറ് ലക്ഷത്തോളം ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരും.

താത്കാലിക സംവിധാനം എന്ന നിലയിൽ കഴിഞ്ഞ ദിവസം ടി.എസ് കനാലിന് കുറുകെ സ്ഥാപിച്ച ചെറിയ പൈപ്പിലൂടെ ചവറ പാലത്തിന് അപ്പുറത്ത് നിന്ന് നീണ്ടകര ഭാഗത്തേക്ക് ശാസ്താംകോട്ടയിൽ നിന്നുള്ള കുടിവെള്ളം കടത്തിവിട്ടിരുന്നു. കാവനാട് വരെ കുടിവെള്ളമെത്തിയെന്ന് വാട്ടർ അതോറിറ്റി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് ലഭിച്ചതെന്ന് ജനങ്ങൾ പറയുന്നു. ശാസ്താംകോട്ടയിൽ നിന്നുള്ള 630 എം.എം വ്യാസമുള്ള പൈപ്പിൽ 250 എം.എം വ്യാസമുള്ള പി.വി.സി പൈപ്പ് ഘടിപ്പിച്ചായിരുന്നു വിതരണം. കുടുതൽ ജലം കടത്തിവിട്ടാൽ പൈപ്പ് പൊട്ടാൻ സാദ്ധ്യതയുള്ളതിനാൽ സമ്മർദ്ദം കുറച്ചായിരുന്നു വിതരണം.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 6 ഓടെയാണ് ചവറ പാലത്തിന് സമാന്തരമായി സ്ഥാപിച്ചിരുന്ന ശാസ്താംകോട്ടയിൽ നിന്നുള്ള കുടിവെള്ളം എത്തിക്കുന്ന 630 എം.എം വ്യാസമുള്ള കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയത്. ഇതിന് പകരം ലവണാംശത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള 630 എം.എം ഹൈ ഡെൻസിറ്റി പോളി എത്തിലിൻ പൈപ്പാണ് താത്കാലികമായി സ്ഥാപിക്കുന്നത്. ദേശീയപാത നിർമ്മാണം പൂർത്തിയാകുന്നതിന് പിന്നാലെ പാലത്തിന്റെ ഉയരത്തിൽ പുതിയ പൈപ്പ് സ്ഥാപിക്കണമെന്ന വ്യവസ്ഥയിലാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് കനാലിൽ പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകിയത്. കനാലിൽ 100 മീറ്റർ നീളത്തിലാണ് പുതിയ പൈപ്പിടുന്നത്.

50 ടൺ ക്രയിനിന് ഇരുമ്പ് കവചം ഉയർത്താനായില്ല

പൊട്ടിയ പൈപ്പിനെ താങ്ങിനിറുത്തിയിരുന്ന ഇരുമ്പ് പാലം 50 ടൺ ശേഷിയുള്ള ക്രെയിൻ ഉപയോഗിച്ചിട്ടും ഇന്നലെ നീക്കാനായില്ല. ഇതോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് കവചങ്ങൾ പല കഷണങ്ങളായി ഇന്നലെ മുറിച്ചുനീക്കുകയായിരുന്നു. ഇരുമ്പ് പാലം ഇന്നലെ ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് നീക്കാമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ നേരത്തെ ആസൂത്രണം ചെയ്തിരുന്നതു പോലെ ഇന്നലെ ഡ്രഡ്ജിംഗ് ആരംഭിക്കാനായില്ല.

 ഇന്നലെ

അറ് മീറ്റർ വീതിയുള്ള പൈപ്പുകൾ 108 മീറ്റർ നീളത്തിൽ വെൽഡ് ചെയ്ത് ബന്ധിപ്പിച്ചു. തകർന്ന ഇരുമ്പ് പാലം മുറിച്ചുനീക്കി.

 ഇന്ന്

പൈപ്പുകൾ ടി.എസ് കനാലിൽ സ്ഥാപിക്കാനുള്ള ഡ്രഡ്ജിംഗ് ഇന്ന് രാവിലെ ആരംഭിക്കും. ഒപ്പം പൊളിഞ്ഞുവീണ ഇരുമ്പ് പാലം മുറിച്ചുനീക്കുന്ന പ്രവൃത്തികളും തുടരും. ഈ ഭാഗത്ത് ടി.എസ് കനാലിൽ 2.5 മീറ്ററോളം ഉയരത്തിൽ വെള്ളമുണ്ട്. ഒരു മീറ്ററോളം ആഴത്തിൽ ചെളിയുമുണ്ട്. ഈ ചെളി നീക്കിയ ശേഷം കട്ടിയുള്ള ഭാഗം വരെ ഡ്രഡ്ജ് ചെയ്യും.

 നാളെ

ഡ്രഡ്ജ് ചെയ്ത ഭാഗത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കും. തുടർന്ന് ഇരുഭാഗങ്ങളും പൈപ്പ് എൻഡുകൾ ഉപയോഗിച്ച് പരീക്ഷണ ചാർജിംഗ്. ചോർച്ച ഒഴിവാക്കാൻ പ്രവൃത്തി സൂക്ഷ്മതയോടെ.

വിതരണത്തിന് ടാങ്കർ ലോറികളും

 ശാസ്താംകോട്ടയിൽ നിന്ന് എത്തിയിരുന്നത് 22 എം.എൽ.ഡി കുടിവെള്ളം

 കൊല്ലം നഗരത്തിലേക്ക് എത്തിയിരുന്നത് 11 എം.എൽ.ഡി

 താത്കാലിക പൈപ്പിലൂടെ നീണ്ടകരയിൽ നൽകിയത് 1 എം.എൽ.ഡി

 ജിക്ക പദ്ധതിയിൽ നിന്ന് നഗരത്തിലേക്ക് കൂടുതൽ കുടിവെള്ളം

 വിതരണത്തിന് കൂടുതൽ ടാങ്കർ ലോറികളും

 നഗരത്തിൽ ഇന്നലെ നൽകിയത് 4.5 എം.എൽ.ഡി

 നഗരത്തിലെ വാട്ടർ അതോറിറ്റി കുഴൽ കിണറുകളിൽ പമ്പിംഗ് നീട്ടി

വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ സംഘം പൂർണസമയം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവൃത്തികൾ നടത്തുന്നത്. പ്രവൃത്തിക്ക് ആവശ്യമായ പല സാമഗ്രികളും കേരളത്തിൽ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. പുതുതായി സ്ഥാപിക്കുന്ന പൈപ്പ് ലൈനുകളെ പഴയ പൈപ്പുമായി ബന്ധിപ്പിക്കുന്ന പൈപ്പ് എൻഡ് തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്. അപ്രതീക്ഷിതമായ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ ശനിയാഴ്ച ശാസ്താംകോട്ടയിൽ നിന്നുള്ള കുടിവെള്ള വിതരണം പുനരാരംഭിക്കാനാകും.

സാബിർ.എ റഹീം

വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ