തൊടിയൂർ: വേങ്ങറയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. നിരവധി പേർക്ക് കടിയേറ്റു. വേങ്ങറ തിരുവാതിരയിൽ (കപ്പത്തൂർ) ഉഷാകുമാരിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ കുരച്ചു ചാടിയെത്തിയ നായയെ കൈ കൊണ്ട് തടയാൻ ശ്രമിച്ചപ്പോൾ കൈ വെള്ളയിൽ കടിക്കുകയായിരുന്നു. മാംസം തൊലിയിൽ നിന്ന് വേർപെട്ട നിലയിലാണ് ഉഷാകുമാരിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയുടെകിഴക്കതിൽ സന്തോഷ്, വഴുതാനത്ത് വടക്കതിൽവിജയൻപിള്ള, സ്കൂൾ വിദ്യാർത്ഥികളായ കപ്പത്തൂർവീട്ടിൽ അഭിരാം, ചിറ്റശ്ശേരിവടക്കതിൽ കാവ്യ എന്നിവർക്ക് നേരെയും ആക്രമണം ഉണ്ടായി. വീടുകളുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കടിച്ചു നശിപ്പിച്ചു. പ്ലാവിള ജംഗ്ഷൻ മുതൽ കിഴക്കോട്ട് റോഡിന്റെ വശങ്ങളിൽ അറവ് മാലിന്യം തള്ളുന്നതിനാൽ ഈ ഭാഗത്തേക്ക് നായ്ക്കൾ കൂട്ടമായി എത്തുന്നു. വേങ്ങറ വെൽഫെയർ
എൽ.പി.എസ്, അങ്കണവാടി എന്നിവിടങ്ങളിലേക്ക് കുട്ടികൾപോകുന്ന പ്രധാന വഴിയാണിത്. രാത്രി
വിളക്കണച്ചാൽ വീടിന്റെ പോർച്ചിലും വാഹനങ്ങൾക്ക് അടിയിലുമാണ് നായ്ക്കളുടെ വാസമെന്ന് പ്രദേശവാസികൾ പറയുന്നു. അധികാരികളുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ
ആവശ്യപ്പെട്ടു.