sajeerudheen
സജീറുദ്ദീൻ

 യുവാവ് അറസ്റ്റിൽ

കുളത്തൂപ്പുഴ: ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മടത്തറ മേലെമുക്ക് റോഡുവിള വീട്ടിൽ സജീറുദ്ദീനാണ് (36) കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. സാം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷറഫാണ് (49) ആക്രമണത്തിന് ഇരയായത്.

ഇന്നലെ രാവിലെ 7 ഓടെ പച്ചയിൽ കട സാം നഗർ റോഡിലാണ് സംഭവം. കുളത്തൂപ്പുഴയിലേക്ക് ഓട്ടോറിക്ഷയിൽ ഓട്ടം പോവുകയായിരുന്ന അഷറഫിനെ കാറിൽ പിന്തുടർന്നെത്തിയ സജീറുദ്ദീൻ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് ഓട്ടോയിൽ നിന്നിറങ്ങി ഓടിയ അഷറഫിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തി കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. 40 ശതമാനത്തോളം പൊള്ളലേറ്റ അഷറഫിനെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പ്രതിക്ക് ഭാര്യാപിതാവിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സജീറുദ്ദീനും ഭാര്യയും ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു. ഇതിന് കാരണം ഭാര്യാപിതാവാണെന്നാണ് സജീറുദ്ദീൻ കരുതിയിരുന്നത്. മുൻപും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും സജീറുദ്ദീൻ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് കൊലപാതകശ്രമം ഉണ്ടാകുന്നത്. പെട്രോൾ എവിടെ നിന്ന് വാങ്ങിയതാണെന്നതിൽ വ്യക്തത വന്നിട്ടില്ല. സംഭവശേഷം പ്രതി ചിതറ പൊലീസിൽ കീഴടങ്ങി. തുടർന്ന് ചിതറ പൊലീസ് ഇയാളെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷാജഹാൻ, വിനോദ്, സജീവ്, സുജിത്ത് എന്നിവരും ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു.