കൊല്ലം: എം.സി റോഡിന്‌ സമാന്തരമായി നിർമ്മിക്കുന്ന കൊട്ടാരക്കര ബൈപ്പാസിന്‌ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതിയായി. കൊട്ടാരക്കര, മൈലം വില്ലേജുകളിലായി 4.32 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ കൊല്ലം കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. നഗരത്തിൽ കൊട്ടാരക്കര വില്ലേജിൽ നിന്ന് 2.65 ഹെക്ടറും, മൈലം വില്ലേജിൽ 1.67 ഹെക്ടറുമാണ്‌ പദ്ധതിക്കായി ഏറ്റെടുക്കുക.

നഷ്ടപരിഹാരം ഉറപ്പാക്കും

കൊല്ലം-തേനി ദേശീയപാതയ്‌ക്ക്‌ കുറുകെ, എംസി റോഡിന്‌ സമാന്തരമായി പുതിയ നാലുവരി ബൈപ്പാസ് പാതയാണ്‌ നിർമ്മിക്കുന്നത്‌. ഇതിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് 110.36 കോടി രൂപ കിഫ്‌ബി അനുവദിച്ചിട്ടുണ്ട്‌. എം.സി റോഡിൽ ലോവർ കരിക്കത്ത്‌ ആരംഭിച്ച് മൈലം വില്ലേജ് ഓഫീസിന് സമീപം എത്തിച്ചേരും വിധമാണ് ബൈപ്പാസ് റോഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മുന്ന് കിലോമീറ്ററോളം ദൂരമുള്ള ബൈപ്പാസ്‌ നിർമ്മാണത്തിനുള്ള മേൽനോട്ട ചുമതല കേരളാ റോഡ് ഫണ്ട് ബോർഡിനാണ്. ഭൂമിക്കും അതിലെ കെട്ടിടങ്ങൾക്കുമടക്കം മികച്ച നഷ്ടപരിഹാരം ഉറപ്പാക്കിയായിരിക്കും ഏറ്റെടുക്കൽ നടപടി പുർത്തീകരിക്കുക.

4.32 ഹെക്ടർ ഭൂമി ഏറ്റെടുക്കും

ഭൂമി ഏറ്റെടുക്കുന്നതിന്

110.36 കോടി

കൊട്ടാരക്കര വില്ലേജിൽ നിന്ന് 2.65 ഹെക്ടറും,

മൈലം വില്ലേജിൽ 1.67 ഹെക്ടറും

കൊട്ടാരക്കര നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ ശാശ്വത പരിഹാരം ഉറപ്പാക്കുന്ന ബൈപ്പാസ്‌ പദ്ധതിയുടെ നടപടിക്രമങ്ങളിൽ സുപ്രധാന ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്.

കെ.എൻ. ബാലഗോപാൽ (മന്ത്രി)