എഴുകോൺ ഇ.എസ്.ഐ.സി ആശുപത്രി വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി ഇ.എസ്.ഐ ഡയറക്ടർ ജനറലിന് സമർപ്പിക്കുന്നു.
എഴുകോൺ : എഴുകോൺ ഇ.എസ്.ഐ.സി ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റിയുടെയും ആയുർവേദ മെഡിക്കൽ കോളേജിന്റെയും സാദ്ധ്യതകൾ തേടി കൊടിക്കുന്നിൽ സുരേഷ് എം.പി ഇ. എസ്.ഐ ഡയറക്ടർ ജനറലിനെ കണ്ടു. ആശുപത്രി വികസനത്തിന് സത്വര നടപടികൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ നിർദ്ദേശങ്ങളും സമർപ്പിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് 250 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ആയുർവേദ മെഡിക്കൽ കോളേജും അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. മുൻപ് ഇവിടെ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാഭ്യാസ കോഴ്‌സുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ഇ.എസ്.ഐ.സി പരിധിയിൽ പെടുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് എഴുകോൺ ആശുപത്രിയുടെ പ്രധാന ഉപഭോക്താക്കൾ.
15 ഏക്കർ സ്ഥല സൗകര്യം എഴുകോൺ ആശുപത്രിക്കുണ്ട്.
ദന്തൽ, നഴ്സിംഗ്, ഫാർമസി കോഴ്സുകളും ആയുർവേദ മെഡിക്കൽ കോളജും ആരംഭിക്കുന്നതിന് ആശുപത്രി പരിസരത്തെ മറ്റു ഭൂമികളും ഉപയോഗിക്കാനാകും.
ഹോസ്റ്റലിനും ഗവേഷണ സ്ഥാപനങ്ങൾക്കും സൗകര്യം ഒരുക്കാനും കഴിയും.
നിലവിൽ ഓങ്കോളജി, അനസ്തേഷ്യോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ ആധുനിക സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.