കൊല്ലം: റോസ് സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പമേള നാളെ മുതൽ ജനുവരി 5 വരെ ആശ്രാമം മൈതാനത്ത് നടക്കും. 20ന് വൈകിട്ട് 3ന് ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പുഷ്പമേള റാലിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോൺ നിർവഹിക്കും. റാലിയിൽ പങ്കെടുക്കുന്ന ഏറ്റവും നല്ല ഫ്ളോട്ടുകൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും.
വൈകിട്ട് 6ന് സംഘാടകസമിതി കമ്മിറ്റി ചെയർമാൻ എക്സ്.ഏണസ്റ്റിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പ്രദർശന നഗരിയുടെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റും കലാപരിപാടികളുടെ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എയും നിർവഹിക്കും.
രാവിലെ 11 മുതൽ രാത്രി 9 വരെ പ്രവേശനം. എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിയെ തിരഞ്ഞെടുക്കും. ക്രിസ്മസ് - ന്യൂ ഇയർ ദിനത്തിലും നറുക്കെടുപ്പിലൂടെ ഒരു ഡയമണ്ട് സമ്മാനമായി നൽകും. 22, 25, 29 തീയതികളിൽ മെഗാഷോ.
പുഷ്പമേളയിലെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നൽകുമെന്നും സംഘാടകർ പറഞ്ഞു. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എക്സ് ഏണസ്റ്റ്, വൈസ് ചെയർമാൻ ആർ.പ്രകാശൻപിള്ള, പട്ടത്തുവിള വിനോദ്, ജാജിമോൾ, എൻ.ബിനോജ് എന്നിവർ പങ്കെടുത്തു.