കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ കൊല്ലം ബീച്ചിലുള്ള റോട്ടറി കമ്മ്യുണിറ്റി സെന്ററിൽ ഒരുക്കുന്ന ഫുഡ് കാർണിവൽ നാളെ മുതൽ ആരംഭിക്കും. ജില്ലാ ആശുപത്രിയുടെ ഭാഗമായ വിക്ടോറിയ ആശുപത്രിയിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും കൂട്ടിരിപ്പുകാർക്കുമായി 25 ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് ഫുഡ് കാർണിവൽ സംഘടിപ്പിക്കുന്നത്.
കേരളത്തിനകത്തും പുറത്തും നിന്നുമുള്ള സംരംഭകരുടെ ഇരുപതോളം ഭക്ഷ്യവിഭവ സ്റ്റോളുകൾ ഫുഡ് കാർണിവലിന്റെ ഭാഗമാകും. തനി നാടൻ വിഭവങ്ങൾ മുതൽ അറബിക്, ചൈനീസ്, ജാപ്പനീസ് ടപ്പൻയാക്കി വരെ വൈവിദ്ധ്യമാർന്ന വിഭവങ്ങളാണ് ഒരുക്കുന്നത്. ഫുഡ് കാർണിവലിന്റെ ഭാഗമായി എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാരെ അണിനിരത്തിയുള്ള സ്റ്റേജ്ഷോയും ഉണ്ടാകും.
ഷെഫ് സുരേഷ് പിള്ളയും 100 പാചക കലാകാരിമാരും ഒന്നിക്കുന്ന നള പാചകറാണി മേളയും ഫുഡ് കാർണിവലിന്റെ ഭാഗമാകും. കുടുംബശ്രീ പാചകവിദഗ്ദ്ധർ മുതൽ ലോകപ്രശസ്ത പാചക കലാകാരന്മാർ വരെ അവരുടെ തനത് വിഭവങ്ങൾ മേളയിൽ അവതരിപ്പിക്കും. മജീഷ്യൻ പ്രമോദ് കേരളയുടെ മാജിക്ഷോ മുതൽ ചലച്ചിത്ര പിന്നണി ഗായകരായ മത്തായി സുനിൽ, മേദാ മെഹർ, തുടങ്ങിയവർ പങ്കെടുക്കുന്ന ഗാനമേള വരെ ഒരുക്കിയിട്ടുണ്ട്.
എല്ലാദിവസവും വൈകിട്ട് 5 മുതൽ രാത്രി 11 വരെയാണ് പ്രദർശനം. 20ന് വൈകിട്ട് 5ന് എം. മുകേഷ് എം.എൽ.എയും മേയർ പ്രസന്ന ഏണസ്റ്റും ചേർന്ന് കാർണിവൽ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ പ്രസിഡന്റ് നാരായൺ കുമാർ.എം, സെക്രട്ടറി സക്കറിയ.കെ സാമുവൽ, വി.ജ്യോതി, അനു.എസ് പിള്ള, ടൈറ്റസ്.എസ് കുമാർ എന്നിവർ പങ്കെടുത്തു.