xx
vv

പടിഞ്ഞാറെ കല്ലട: ക്രിസ്മസ് -ന്യൂ ഇയർ ആഘോഷം അടുത്തിരിക്കെ വിപണിയിൽ ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പുവരുത്തുവാൻ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷവകുപ്പ്. കഴിഞ്ഞദിവസം മുതൽ ജില്ലയിലുടനീളം ഭക്ഷ്യസുരക്ഷ സ്ക്വാഡുകൾ പരിശോധന നടത്തി. കേടുകൂടാതെ സൂക്ഷിക്കാൻ മായം കലർത്തിയ കേക്ക് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വിപണിയിൽ എത്താനുള്ള സാദ്ധ്യത മുൻ നിറുത്തിയാണ് കർശന പരിശോധനയ്ക്ക് തുടക്കം കുറിച്ചത്. പ്രധാനമായും കേക്ക്, വൈൻ നിർമ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ചാവും പരിശോധന കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബേക്കറി യൂണിറ്റുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ചില്ലറ വിൽപ്പന ശാലകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും.

രജിസ്ട്രേഷൻ നിർബന്ധം

വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റു ഭക്ഷ്യവസ്തുക്കളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷൻ നിർബന്ധമാണ്. സുരക്ഷാ ലൈസൻസും രജിസ്ട്രേഷനും ഇല്ലാത്ത സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് നിലവിലുള്ളത്.

ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ജില്ലയിൽ ഉടനീളം 5 സ്കോഡുകൾരൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെപ്രവർത്തിക്കുന്ന വൃത്തിയില്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കും. ഉപഭോക്താക്കൾ പായ്ക്കറ്റിലുള്ള ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോൾ കാലാവധി രേഖപ്പെടുത്തിയതും ലേബൽ വിവരങ്ങൾ ഉള്ളവയും തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

ടി. എസ്.വിനോദ്

അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ

കൊല്ലം

പൊതുജനങ്ങൾക്ക് പരാതി നൽകാവുന്ന ടോൾഫ്രീ നമ്പർ 1800 425 11 25