കൊല്ലം : വ്യാജ ബിൽ തയ്യാറാക്കി പണം തട്ടിയെന്ന കേസിൽ കരാറുകാരനെ കോടതി വിട്ടയച്ചു. മുൻ പഞ്ചായത്ത് മെമ്പറായ പത്തനാപുരം വിളക്കുടി കാര്യറ മൈലവിള വീട്ടിൽ അബ്‌ദുൾ മജീദിനെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.വി .നയന വിട്ടയച്ചത്. ജില്ലാ പഞ്ചായത്ത് 2005 -06 വർഷത്തെ പദ്ധതി പ്രകാരം വിളക്കുടി പഞ്ചായത്തിലെ കാര്യറ പള്ളി - റെയിൽവേ ലൈൻ റോഡിന്റെ പുനരുദ്ധാരണത്തിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വ്യാജ ടാർ ബില്ല് ഹാജരാക്കി പണം തട്ടിയെന്ന കേസിലാണ് വിധി. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ എക്‌സിക്യുട്ടീവ് എൻജിനീയർ ഉൾപ്പടെ 5 പേരെ ആദ്യം പ്രതികളാക്കിയെങ്കിലും തുടരന്വേഷണത്തിൽ അബ്‌ദുൾ മജീദിനെ ഒഴികെ മറ്റുള്ളവരെ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ 12 സാക്ഷികളെ വിസ്‌തരിച്ച കേസിൽ 19 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും കുറ്രം സംശയാതീതമായി തെളിയിക്കാനായില്ലെന്നും കോടതി കണ്ടെത്തി.
അഭിഭാഷകരായ ബി. അനൂപ് കുമ്പുക്കാടൻ, എസ്. ശാന്തി എന്നിവർ പ്രതിക്ക് വേണ്ടി ഹാജരായി.