
കൊല്ലം: രണ്ടാഴ്ചക്കിടെ ജില്ലയിൽ ചിക്കൻപോക്സ് ബാധിതരുടെ എണ്ണം 90ലെത്തി. ഈ മാസം 16 വരെയുള്ള കണക്കാണിത്. ഒരുദിവസം ശരാശരി അഞ്ചുപേർക്ക് രോഗം ബാധിക്കുന്ന സ്ഥിതിയാണുള്ളത്. വേനൽക്കാലം വൈറസിന് അനുകൂലമാണ്. എന്നാൽ മഴകാലത്തും ചിക്കൻപോക്സ് പടരുന്നതായാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
ദിനം പ്രതി ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തി. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുള്ളവർ തുടങ്ങിയവർ കൂടുതൽ ജാഗ്രത പാലിക്കണം. വേരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് ചിക്കൻ പോക്സ് പടർത്തുന്നത്.
ചിക്കൻ പോക്സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുള്ളവരുമായി അടുത്ത സമ്പർക്കം വഴി ചിക്കൻ പോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും രോഗം പകരാം. കൂടാതെ ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങി പൊറ്റയാകുന്നത് വരെ രോഗം പകരാം. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെ എടുക്കും.
രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്. രോഗികളുമായി സമ്പർക്കം വന്നാൽ 72 മണിക്കൂറിനുള്ളിൽ വാക്സിനെടുക്കണം. 12 വയസിന് മുകളിൽ ഉള്ളവർക്ക് 4 മുതൽ 8 ആഴ്ച്ച ഇടവേളയിൽ 2 ഡോസ് വാക്സിനെടുക്കണം.
ലക്ഷണം
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ
നാല് ദിവസത്തിൽ കൂടുതലുള്ള പനി, കുമിളകളിൽ കഠിനമായ വേദന, പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാൻ ബുദ്ധിമുട്ട്, കഴുത്ത് വേദന, ശ്വാസം മുട്ട്, കഠിനമായ ചുമ, വയറുവേദന, രക്തസ്രാവം
ശ്രദ്ധിക്കേണ്ടത്
രോഗ ലക്ഷണം കണ്ടാൽ ചികിത്സ തേടണം
വൃത്തിയും വായു സഞ്ചാരവുമുള്ള മുറിയിൽ കഴിയണം
കുരു പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക
മറ്രുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക
ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുക