t
കൊല്ലം അഷ്ടമുടി കായലോരത്തെ കേരള മാരിടൈം ബോർഡിന്റെ ഭൂമി

കൊല്ലം: കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയി​ൽ, ആശ്രാമം അഷ്ടമുടിക്കായൽ തീരത്ത് ഉപയോഗ ശൂന്യമായിക്കിടക്കുന്ന 1.77 ഏക്കർ ഭൂമിയി​ൽ സ്വകാര്യ നി​ക്ഷേപത്തി​ന് കളമൊരുങ്ങുന്നു. നേരത്തെ ബോട്ട് രജിസ്ട്രേഷൻ ഓഫീസ് പ്രവർത്തിച്ചിരുന്ന ഇവിടെ പുതി​യ പദ്ധതിക്ക് കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു.

ഈ ഭൂമിയിൽ രണ്ട് ഗോഡൗണുകളിലായി നിലവിൽ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളും സ്വകാര്യ സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ 1000 ചതുരശ്രയടി വിസ്തീർണമുള്ളതും മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതുമായ കെട്ടിടത്തിൽ ഇൻലാൻഡ് എൻഫോഴ്സ്‌മെന്റ് ഓഫീസും പ്രവർത്തിക്കുന്നു. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റും സ്വകാര്യ ഏജൻസിയും പ്രവർത്തിക്കുന്ന സ്ഥലം ഒഴികെയുള്ള ഇടമാകും സ്വകാര്യ സംരംഭകർക്ക് നൽകുക.

അഷ്ടമുടിക്കായലിന്റെ തീരത്ത് ടൂറിസം സാദ്ധ്യത ഏറെയുള്ള ഇവി​ടെ ബോട്ട് ജെട്ടി അടക്കം സജ്ജമാക്കി കായലിൽ ബോട്ടിംഗും കനോയിംഗ്, കയാക്കിംഗ് തുടങ്ങിയവയ്ക്കും കളമൊരുക്കാം. കുട്ടികൾക്കുള്ള കളിയിടങ്ങൾ സജ്ജമാക്കി പാർക്ക്, റെസ്റ്റോറന്റ് എന്നീ നിലകളിലും വികസിപ്പിക്കാം. ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്ന ഇൻലാൻഡ് എൻഫോഴ്സ്‌മെന്റ് ഓഫീസ് ആശ്രാമത്തെ പോർട്ട് ഓഫീസിലേക്ക് മാറ്റാനാണ് ആലോചന.

കൈമാറ്റം നി​ശ്ചി​ത കാലത്തേക്ക്

കരാർ പ്രകാരമുള്ള നിശ്ചിതകാലത്തേക്കാവും ഈ സ്ഥലം മാരിടൈം ബോർഡ് സ്വകാര്യ സംരംഭകർക്ക് വിട്ടുനൽകുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം കൂടുതൽ തൊഴിൽ അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യവുമുണ്ട്. മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കാൻ അളന്ന് തിട്ടപ്പെടുത്തൽ പുരോഗമി​ക്കുന്നുണ്ട്.

ഏറെക്കാലമായി ഉപയോഗ ശൂന്യമായിക്കിടക്കുന്ന സ്ഥലത്താണ് ഇപ്പോൾ സ്വകാര്യ പങ്കാളിത്തത്തോടെ വികസനത്തിന് ശ്രമിക്കുന്നത്. അഷ്ടമുടക്കായലോരത്തുള്ള നിർദ്ദിഷ്ട സ്ഥലം ടൂറിസം സാദ്ധ്യത ഏറെയുള്ളതാണ്

എൻ.എസ്. പിള്ള, ചെയർമാൻ, കേരള മാരിടൈം ബോർഡ്