കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മണിച്ചിത്തോട്ടിലെ (മണ്ണാൻ തോട്) ജലത്തിന്റെ ഒഴുക്ക് ലിങ്ക് റോഡ് ഭാഗത്ത് തടസപ്പെടുത്തിയതോടെ പുള്ളിക്കട നഗറിലെ വീടുകളിലേക്ക് ഇന്നലെ രാവിലെ മലിനജലം ഇരച്ചുകയറി. വള്ളംകളിയോടനുബന്ധിച്ച് അഷ്ടമുടി കായൽ ശുചീകരിച്ചിരുന്നു. ഇവിടേക്ക് മലിന്യം ഒഴുകിയെത്തുന്നത് തടയാൻ ശാന്തി നഗറിന് സമീപത്തെ ഗ്രില്ല്, ലിങ്ക് റോഡ് ഭാഗത്തേക്ക് മാറ്റിയതാണ് വിഷയത്തിന് കാരണം. ഇതോടെ പട്ടത്താനം, കടപ്പാക്കട, ശാന്തിനഗർ തുടങ്ങിയ ഭാഗങ്ങളിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ, ഗ്രില്ലിട്ട ഭാഗത്ത് തങ്ങി നിൽക്കുന്ന സ്ഥിതിയായി. മാലിന്യം നിറഞ്ഞ് തോട്ടിലെ വെള്ളം കറുത്തിരുണ്ടു. ഈ വെള്ളമാണ് പുള്ളിക്കട നഗറിലെ പതിനഞ്ചോളം വീടുകളിലേക്ക് കയറിയത്.
കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്ന തോട്ടിലെ വെള്ളത്തിൽ നിന്ന് കഠിനമായ ദുർഗന്ധവും ഉണ്ടായി. കുട്ടികൾ ഉൾപ്പെടെ പ്രദേശവാസികൾ ഇതോടെ ദുരിതത്തിലായി. ആഹാരം കഴിക്കാനോ വീട്ടിൽ കഴിയാനോ പറ്റാത്ത അവസ്ഥയായെന്ന് നാട്ടുകാർ പറയുന്നു. ഡിവിഷൻ കൗൺസിലറെയും എം.എൽ.എയേയും ഫോണിലൂടെ ദുരിതം അറിയിച്ചെങ്കിലും അനുകൂലമായ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ലിങ്ക് റോഡിന്റെ കരാറുകാരൻ സ്വന്തം നിലയ്ക്ക് ലിങ്ക്റോഡ് ഭാഗത്തു നിന്ന് മാലിന്യം നീക്കി. ഇതോടെ വെള്ളം താത്കാലികമായി തിരിച്ചിറങ്ങി. എന്നാൽ അപ്രതീക്ഷിതമായി മഴപെയ്താൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .
പ്രതിഷേധം
പുള്ളിക്കട നഗറിലെ വീടുകളിൽ മലിനജലം കയറിയതോടെ വടക്കുംഭാഗം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജി. രാജേഷ് കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ, ഡി.സി.സി സെക്രട്ടറി അഡ്വ.തൃദീപ്, മണ്ഡലം പ്രസിഡന്റ് ജി.കെ. പിള്ള, പുള്ളിക്കട ബിജു, ഡിക്കി ബോയ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അഡ്വ.ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ പുള്ളിക്കട കോളനി സന്ദർശിച്ചു.