കൊല്ലം: നാവിൽ കപ്പലോടിക്കുന്ന രുചി വൈവിദ്ധ്യങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഡിസൈന്റെ ആഭിമുഖ്യത്തിൽ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച മീറ്റ് ക്രിയേറ്റർ 2024 ന്റെ ഭാഗമായി നടത്തിയ ഫുഡ് കോർട്ടിലാണ് വ്യത്യസ്ത വിഭവങ്ങൾ നിരന്നത്.

ചന്ദനത്തോപ്പ് ഗവ. ബി.ടി.സിയും ഹോട്ടൽ മാനേജ്മെന്റ് ട്രേഡുകളിൽ പഠിക്കുന്ന 15 ഓളം ട്രെയിനികളും അവരുടെ ഇൻസ്ട്രക്ടർമാരുമാണ് ഭക്ഷണം ഒരുക്കിയത്. സാൻവിച്ച്, ഫ്രൈഡ് റൈസ്, ഡെവിൾഡ് ചിക്കൻ, ആൽഫ്രഡോ പാസ്താ, പാസ്താ അറബിതാ തുടങ്ങി വിവിധങ്ങളായ രുചികൾ ട്രെയിനികൾ പരിചയപ്പെടുത്തി. നൂറ് ശതമാനം ഗുണമേന്മയുള്ള കറിക്കൂട്ടുകൾ കൊണ്ടാണ് വിഭവങ്ങൾ തയ്യാറാക്കിയത്. വിവിധയിനം ജ്യൂസുകൾ, ഐസ്ക്രീം, പല നിറത്തിലും രുചിയിലുമുള്ള ശീതള പാനീയങ്ങൾ എന്നിവയും വിദ്യാർത്ഥികൾ ഒരുക്കി. ആയിരത്തോളം പേർ മൂന്നുദിവസമായി നടന്ന പരിപാടിയിൽ പങ്കെടുത്തെന്ന് പ്രിൻസിപ്പൽ ജെ.ജെസി പറഞ്ഞു. ഇൻസ്ട്രക്ടർമാരായ ജയരാജ്‌, ശരവണൻ, മുഹമ്മദ് ഷാൻ, ജയ്സൺ, പൗലോസ് എന്നിവർ നേതൃത്വം നൽകി.