 
കുന്നത്തൂർ: കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും തീരപ്രദേശമായ മൺട്രോതുരുത്ത് പഞ്ചായത്ത് വേലിയേറ്റ ഭീഷണിയിൽ. ഒരാഴ്ച്ചക്കാലമായി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും ദുരിതമനുഭവിക്കുകയാണ്. ഇതിനൊപ്പം തെന്മല ഡാമിൽ നിന്ന് വെള്ളം തുറന്നു വിട്ടതിനാൽ താഴ്ന്ന പ്രദേശങ്ങളായ കിടപ്രം തെക്ക്, വടക്ക്, പെരുങ്ങാലം,കൺട്രംകാണി,പട്ടംതുരുത്ത് തുടങ്ങിയ വാർഡുകൾ പൂർണമായി വെള്ളത്തിനടിയിലാണ്. വഴികളിലെല്ലാം ഉപ്പുവെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ പ്രദേശവാസികൾക്ക് എവിടേക്കും പോകാനും കഴിയുന്നില്ല.എന്നാൽ വേലിയേറ്റത്താൽ ജനജീവിതം ദുസ്സഹമായിട്ടും ജില്ലാ ഭരണകൂട മടക്കം ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആക്ഷേപമുണ്ട്.
കുടുംബങ്ങൾ പട്ടിണിയിൽ
ഈ പ്രദേശങ്ങളിൽ കിണറുകളിൽ നിന്ന് ഉപ്പുരസം കലർന്ന വെള്ളമാണ് ലഭിക്കുന്നത്. വീടുകൾക്കുള്ളിലും ഉപ്പുവെള്ളം കെട്ടിക്കിടക്കുകയാണ്. മിക്ക വീടുകളും തകരുന്നതിനും ഇത് കാരണമാകുന്നു.തൊഴിൽ മേഖലകളെല്ലാം നിശ്ചലമായത് സാധാരണക്കാർക്ക് ഇരുട്ടടിയായി. രൂക്ഷമായ വേലിയേറ്റത്താൽ കയർ,മത്സ്യ,കർഷക തൊഴിലാളികൾ പട്ടിണിയിലാണ്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം
ദിവസവും വൈകിട്ട് 4 ന് തുടങ്ങുന്ന വേലിയേറ്റം പിറ്റേ ദിവസം 11 വരെ തുടരും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൺട്രോതുരുത്തിന് തലവേദനയായി വീണ്ടും വേലിയേറ്റം മാറിയിരിക്കുന്നത്. കടലിലെ വെള്ളം ഉൾവലിയാത്തത് കാരണമാണ് മൺട്രോതുരുത്തിൽ വേലിയേറ്റം സൃഷ്ടിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണം
വെള്ളത്തിനടിയിലായ മൺട്രോത്തുരുത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.പ്രസിഡന്റ് എസ്.സന്തോഷ്കുമാർ അദ്ധ്യക്ഷനായി. സേതുനാഥ്,അനീഷ് കുമാർ,ജേക്കബ്ബ് സാമുവൽ,സുധീർ, അനിൽകുമാർ,ശ്രീജ വിനോദ്,ശ്രീജ അജി,അഖിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.