
കരുനാഗപ്പള്ളി: റെയിൽവേ അധികൃതരുടെ അവഗണനയിൽ വലഞ്ഞ് കരുനാഗപ്പള്ളിയിലെ ട്രെയിൻ യാത്രക്കാർ. ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ അസൗകര്യങ്ങൾ കണ്ടിട്ടും കണ്ണുതുറക്കാതിരിക്കുകയാണ് അധികൃതർ. റെയിൽവേ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒട്ടേറെ പരാതികളും നിവേദനങ്ങളും നൽകിയിട്ടും ഒരു ഫലവുണ്ടായിട്ടില്ല.
മേൽക്കൂര ഇല്ലാത്ത ഫ്ലാറ്റ് ഫോം
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ രണ്ട് ഫ്ലാറ്റ് ഫോമുകളാണുള്ളത്. രണ്ടിന്റെയും കൂടി നീളം 1300 മീറ്റർ വരും. എന്നാൽ രണ്ട് ഫ്ലാറ്റ് ഫോമിലും കൂടി 705 മീറ്റർ മേൽക്കൂര മാത്രമാണുള്ളത്. മഴക്കാലത്ത് യാത്രക്കാർ മഴയിൽ കുതിർന്നാണ് ട്രെയിനിൽ കയറുന്നത്.
സ്റ്റോപ്പ് ഇല്ല
സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്കൊന്നും കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഇല്ല. പ്രതിവർഷം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വരുമാനം 9.50 കോടിയിലധികമാണ്. കൊവിഡ് കാലത്ത് റദ്ദ് ചെയ്ത മാംഗ്ലൂർ, രാജറാണി എക്സ്പ്രസ്സ് ട്രെയിനുകളുടെ സ്റ്റോപ്പ് പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ചെന്നൈ മെയിൽ കേരള എക്സ്പ്രസ്സ് ചെന്നൈഏഗ് മോർ എന്നീ ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പാർക്കിംഗ് സൗകര്യമില്ല
ഒരു ദിവസം 8000 ത്തോളം യാത്രക്കാരാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ യാത്രക്കായി എത്തുന്നത്. പരിമിതമായ പാർക്കിംഗ് സൗകര്യമാണു പ്രധാന പ്രശ്നം. റെയിൽവേയുടെ പേ ആൻഡ് പാർക്ക് സംവിധാനം വളരെ പരിമിതമാണ് ഇവിടെ. എന്നാൽ, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സമീപത്തെ വിശാലമായ സ്ഥലം വർഷങ്ങളായി ഉപയോഗശൂന്യമായി കാടുപിടിച്ചു കിടക്കുകയുമാണ്.
ഒരു ദിവസം 8000 ത്തോളം യാത്രക്കാർ
വരുമാനം 9.50 കോടിയിലധികം
റെയിൽവേയുടെ വരുമാനത്തിൽ നല്ല പങ്ക് വഹിക്കുന്ന കരുനാഗപ്പള്ളി റെയിഷവേ സ്റ്റേഷനോട് ബന്ധപ്പെട്ടവർ കാണിക്കുന്ന അവഗണന പൂർണമായും അവസാനിപ്പിക്കണം.
നജീബ് മണ്ണേൽ (ആക്ഷൻ കൗൺസിൽ ചെയർമാൻ)
കെ.കെ.രവി(കൺവീനർ )