കൊല്ലം: മയക്ക് മരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞയാഴ്ച നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിൽപ്പനക്കാരും ഉപഭോക്താക്കളുമായ 102 പേർ പിടിയിലായി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 98 കേസുകളിൽ 102 പ്രതികളുടെ അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റി പൊലീസ് കമ്മീിഷണർ ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം കൊല്ലം, ചാത്തന്നൂർ എ.സി.പിയുടെയും കരുനാഗപ്പള്ളി എ.എസ്.പിയുടെയും നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ലോഡ്ജുകൾ, റെയിൽവേ സ്റ്റേഷൻ, ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 6.39 ഗ്രാം എം.ഡി.എം.എയും വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 5.4 കിലോ ഗ്രാം ഓളം കഞ്ചാവും പിടികൂടി. കൂടാതെ കഞ്ചാവ് ബീഡി ഉപയോഗിച്ചതിന് വിവിധ സ്റ്റേഷനുകളിലായി 77 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഞ്ചാവ്, എം.ഡി.എം.എ കൈവശം വച്ചതിന് 20 കേസുകളും രജിസ്റ്റർ ചെയ്തു.