
കൊല്ലം: ഭാര്യയും മൂന്ന് ആൺമക്കളും ചേർന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടതോടെ സ്വന്തം ഓട്ടോറിക്ഷ വീടാക്കി താമസിച്ചിരുന്ന, ക്യാൻസർ രോഗിയായ ശ്രീകുമാറിന് (59) ആശ്രയമേകി വവ്വാക്കാവിലെ കണ്ണകി ശാന്തിതീരം അഗതി മന്ദിരം.
തിരുമുല്ലവാരം മനയിൽകുളങ്ങര സ്വദേശിയായ ശ്രീകുമാറിനെ മൂന്ന് വർഷം മുമ്പാണ് ഭാര്യയും മക്കളും പുറന്തള്ളിയത്. ഭാര്യയുടെ പേരിലായിരുന്നു വീട്. കുടുംബപ്രശ്നങ്ങൾ പെരുകിയപ്പോൾ ശ്രീകുമാർ വീടിന് പുറത്തായി. ഇതോടെ അന്തിയുറങ്ങാൻ ഓട്ടോറിക്ഷയായി ആശ്രയം. മുളങ്കാടകത്തും തിരുമുല്ലവാരത്തും അടക്കം പലഭാഗത്തായി ഓട്ടോറിക്ഷ ഒതുക്കി ടാർപോളിൻ കൊണ്ട് മൂടി അതിൽതന്നെ കിടക്കുകയായിരുന്നു പതിവ്. വലിയ മഴയോ മറ്റോ ഉള്ള സമയത്ത് പരിചയക്കാരുടെ വീടുകളിലും ചിലപ്പോൾ കടത്തിണ്ണകളിലും കിടക്കും. സുഹൃത്തുക്കളാണ് ആഹാരം നൽകിയിരുന്നത്. ഇതിനിടെ ആറുമാസം മുമ്പ് ശ്രീകുമാറിന് വായിൽ ക്യാൻസർ സ്ഥിരീകരിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം ആർ.സി.സിയിലെത്തി മരുന്നു വാങ്ങി. പക്ഷേ ഇടയ്ക്ക് മരുന്ന് മുടങ്ങി. ദിവസം കഴിയുന്തോറും ആരോഗ്യസ്ഥിതി മോശമായി. ആഹാരം കഴിക്കാനാവാത്ത അവസ്ഥ. ഓട്ടോറിക്ഷ ഒന്നനക്കിയിട്ട് മൂന്നു മാസത്തിലേറെയായി. ഇതോടെ മുളങ്കാടകം ഗവ.വനിത ഐ.ടി.ഐക്ക് സമീപം ഇടവഴിയിൽ വണ്ടി ഒതുക്കി അതിൽത്തന്നെ താമസം തുടങ്ങി.
ഏക സഹോദരൻ തനിക്കാവുന്നതു പോലെ സഹായിച്ചെങ്കിലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ കഴിയാത്ത അവസ്ഥയായിരുന്നു. ശ്രീകുമാറിന്റെ ദയനീയാവസ്ഥ സഹോദരൻ ജീവകാരുണ്യ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ശക്തികുളങ്ങര ഗണേഷ്, ഡിവിഷൻ കൗൺസിലർ യു.പവിത്ര എന്നിവർ ചേർന്ന് ഇന്നലെ ശ്രീകുമാറിനെ അഗതിമന്ദിരത്തിൽ എത്തിച്ചു. കണ്ണകി ശാന്തിതീരം ട്രസ്റ്റ് ഉടമ ജയശ്രീ അമ്പാടി, മാനേജിംഗ് ഡയറക്ടർ ഉണ്ണി എന്നിവർ ചേർന്ന് സ്വീകരിച്ചു. ശ്രീകുമാറിന് തുടർചികിത്സ ഉറപ്പുവരുത്തുമെന്ന് ജയശ്രീ അമ്പാടി പറഞ്ഞു.