drudging

കൊല്ലം: ദേശീയപാത 66 ആറുവരി വികസനത്തെ പ്രതിസന്ധിയിലാക്കുന്ന മണ്ണ് ക്ഷാമം പരിഹരിക്കാൻ അഷ്ടമുടി കായൽ മാതൃകയിൽ പരവൂർ കായലിലും വൈകാതെ ഡ്രഡ്ജിംഗിന് അനുമതി നൽകും. ദേശീയപാത കാവനാട്- കടമ്പാട്ടുകോണം റീച്ചിന്റെ കരാർ കമ്പനിക്കാകും ഡ്രഡ്ജിംഗ് കൈമാറുക.

അഷ്ടമുടി കായലിലേത് പോലെ പരവൂർ കായലിലെ മണ്ണും പൂർണമായും സൗജന്യമായി നൽകാനാണ് സാദ്ധ്യത. എന്നാൽ ഡ്രഡ്ജിംഗ് ചെലവ് കരാർ കമ്പനി വഹിക്കണം. ചിലപ്പോൾ മണ്ണിനായി നിലവിൽ നീക്കിവച്ചിട്ടുള്ള പണം കരാർ കമ്പനിയിൽ നിന്ന് ഈടാക്കാനും സാദ്ധ്യതയുണ്ട്. പരവൂർ കായൽ കടലിൽ ചേരുന്ന പൊഴിക്കര ചീപ്പിന് സമീപം നിലവിൽ ഉയരത്തിൽ മണൽക്കൂനകളുണ്ട്. അതുകൊണ്ട് തന്നെ കായലിൽ ജലനിരപ്പ് ഉയർന്നാലും കാര്യമായി ജലം കടലിലേക്ക് ഒഴുകാറില്ല. ഇതുകാരണം തുടർച്ചയായി മഴ പെയ്യുന്ന സമയത്ത് തീരത്തെ വീടുകളിലേക്ക് വെള്ളം കയറുന്നത് പതിവാണ്. ഉൾനാടൻ ജലഗതാഗത വകുപ്പ് പരവൂർ ചീപ്പിന് സമീപം ഡ്ര‌ഡ്ജിംഗിന് വർഷങ്ങളായി പദ്ധതിയിടുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

ദേശീയപാത കരാർ കമ്പനി കല്ലടയാറ്റിലെ മണ്ണും നിർമ്മാണത്തിനായി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിപ്പാതകളുടെ ഫ്ലൈ ഓവറുകളുടെയും ആർ.ഇ വാളുകൾക്കിടയിൽ നിറയ്ക്കാനാകും ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് ഉപയോഗിക്കുക.

ജലഗതാഗതം സുഗമമാക്കും

കോവളം- കൊല്ലം ദേശീയപാത ജലപാതയ്ക്കിടയിലാണ് പരവൂർ കായൽ സ്ഥിതി ചെയ്യുന്നത്. ദേശീയജലപാത വഴിയുള്ള ജലഗതാഗതം സുഗമമാക്കുന്ന തരത്തിൽ കായലിന്റെ മദ്ധ്യഭാഗത്തായിരിക്കും ഡ്രഡ്ജിംഗ്. പൊഴിക്കര ചീപ്പിന് സമീപമുള്ള മണൽക്കൂനകളും നീക്കും. സർക്കാർ ഡ്രഡ്ജിംഗിന് അനുമതി നൽകുന്നതിന് പിന്നാലെ ഉൾനാടൻ ജലഗതാഗത വകുപ്പ് ഡ്രഡ്ജിംഗ് നടത്തേണ്ട സ്ഥലങ്ങളും ആഴവും നിശ്ചയിക്കും.

പരവൂർ കായൽ

വിസ്തീർണം - 6.62 ചതുരശ്ര കിലോ മീറ്റർ

ഡ്രഡ്ജിംഗ് -5 മീറ്റർ ആഴത്തിൽ

പരവൂർ കായലിലെ മണ്ണ്, നിർമ്മാണ പ്രവൃത്തികൾക്കായി ദേശീയപാത കരാർ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വൈകാതെ അനുമതി നൽകുമെന്നാണ് സൂചന.

ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ