കൊല്ലം: നഗരത്തിലെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പീഡനവും ആത്മഹത്യാപ്രേരണയും ചുമത്തിയിരുന്ന രണ്ട് അദ്ധ്യാപികമാരെ വെറുതെ വിട്ടു. അദ്ധ്യാപികമാരായ സിന്ധുപോൾ, ക്രസൻസ് നാവിസ് എന്നിവരെയാണ് കൊല്ലം ഒന്നാം ക്ലാസ് അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് വെറുതെ വിട്ടത്.
2017 ഒക്ടോബർ 20ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ കൊല്ലം വെസ്റ്റ് പൊലീസിന്റെ കുറ്റപത്രം ഇങ്ങനെ: മരണപ്പെട്ട കുട്ടിയുടെ സഹോദരി ക്ലാസിൽ സംസാരിച്ചതിനുള്ള ശിക്ഷയായി അദ്ധ്യാപികമാർ ആൺകുട്ടികളുടെ ഇടയിൽ ഇരുത്തിയിരുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടി ഇത് ചോദ്യം ചെയ്തു. ഇതിന് ശേഷവും ആൺകുട്ടികൾക്കിടയിൽ ഇരുത്തുന്നുണ്ടോയെന്ന് നോക്കൻ പോയതിലുള്ള വിരോധത്തിൽ സിന്ധുപോളും തന്റെ വീട്ടിൽ ട്യൂഷന് വരാത്തതിന്റെ വൈരാഗ്യത്തിൽ ക്രസൻസ് നാവിസും ചേർന്ന് പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു. സംഭവ ദിവസം ഉച്ചയ്ക്ക് പെൺകുട്ടിയെ ക്ലാസിൽ നിന്ന് വിളിച്ചിറക്കിയ ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. ഇതിന്റെ വിഷമത്തിൽ പ്രൈമറി വിഭാഗം കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ 23ന് മരിച്ചു.
എന്നാൽ പ്രതികളുടെ വാദം ഇങ്ങനെ: മരണപ്പെട്ട പെൺകുട്ടി, സഹോദരിയുടെ ക്ലാസിൽ ചെന്ന് കുട്ടികളുമായി വഴക്കുകൂടിയതിനെ തുടർന്ന് ഇരു ക്ലാസുകളിലെയും കുട്ടികൾ തമ്മിൽ സംഘർഷമുണ്ടായി. ഇത് ആവർത്തിക്കരുതെന്ന് അദ്ധ്യാപികമാർ ഉപദേശിച്ചു. സഭവ ദിവസവും മരണപ്പെട്ട പെൺകുട്ടി സഹോദരിയുടെ ക്ലാസിൽ ചെന്നതോടെ ആ ക്ലാസിലെ മറ്റൊരു കുട്ടിയുമായി തർക്കമുണ്ടായി. ഇതിന് പിന്നാലെ ഇരു ക്ലാസുകളിലെയും കുട്ടികൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. വിവരമറിഞ്ഞ് സിന്ധുപോൾ സ്ഥലത്തെത്തി കുട്ടികളെ പിരിച്ചുവിട്ടു. ഇതിന് ശേഷം പെൺകുട്ടിയെ പ്രിൻസിപ്പലിന്റെ അടുത്തേക്ക് കൊണ്ടുപോകും വഴി, വഴുതി മാറി പ്രൈമാറി കെട്ടിടത്തിലേക്ക് പോയി താഴേക്ക് ചാടി. സ്കൂളിലെ അച്ചടക്കം പാലിക്കാനുള്ള ഇടപെടൽ മാത്രമാണ് തങ്ങൾ നടത്തിയതെന്നും പ്രതികൾ വാദിച്ചു.
പ്രോസിക്യുഷൻ ഹാജരാക്കിയ സ്കൂളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങളിൽ സ്കൂളിലെ സംഘർഷമുണ്ടായിരുന്നു. എന്നാൽ പ്രതികൾക്ക് മേൽ ആരോപിച്ചിട്ടുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന നിഗമനത്തിൽ കോടതി എത്തുകയായിരുന്നു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ജി.മോഹൻരാജ്, ബി.അഖിൽ. അഭിജയ്, കിരൺരാജ് എന്നിവർ ഹാജരായി.