photo
പുനലൂർ ശബരിഗിരി സ്കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായി പുനലൂ‌ർ നഗരത്തിൽ നടന്ന ക്രിസ്മസ് റാലി

അഞ്ചൽ : പുനലൂർ ശബരിഗിരി സ്കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ക്രിസ്മസ് റാലി ശ്രദ്ധേയമായി. ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലിയിൽ ബാൻഡ് മേളത്തിന്റെ താളത്തിനൊപ്പം ചുവടുവെച്ച നൂറോളം സാന്താക്ലോസുകൾ റാലിയിലെ മുഖ്യ ആകർഷകമായി. റാലിക്ക് നേതൃത്വം നൽകിയ സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ എല്ലാവർക്കും ആശംസകൾ നേർന്നു.
വിദ്യാർത്ഥികൾ നഗരത്തിൽ ആശംസ കാർഡുകൾ വിതരണം ചെയ്തു.
സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, പ്രിൻസിപ്പൽ എം.ആർ രശ്മി, ക്യാപ്റ്റൻ സുരേഷ് എന്നിവർ റാലിയിൽ പങ്കെടുത്തു. തുടർന്ന് നടന്ന ആഘോഷ പരിപാടി ഡോ.വി .കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.
സ്മൃതി അൽഷിമേഴ്സ് റിഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ഫാ.സുരേഷ് വർഗീസ് കേക്ക് മുറിച്ച് സന്ദേശം നൽകി.
ക്രിസ്മസിന്റെ ചിഹ്നമായ നക്ഷത്രം സർവ ലോകത്തിനും പ്രകാശം നൽകുന്ന നക്ഷത്രമാണെന്നും അൽഷിമേഴ്സ് റീ - ഹാബിലിറ്റേഷൻ സെന്ററിലെ നഴ്സായ അമ്മയോടൊപ്പം അന്തേവാസികളെ ശുശ്രൂഷിക്കുന്ന ശബരിഗിരി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻ സൂസന്റെ പ്രവർത്തി പ്രശംസനാർഹമാണെന്നും ഫാദർ സുരേഷ് വർഗീസ് പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.