കൊല്ലം: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പൊതുവിപണിയിൽ സംയുക്ത പരിശോധന നടത്തി. കൊറ്റങ്കര, പെരിനാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നുണ്ടോ, ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകുന്നുണ്ടോയെന്നും പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കൽ എന്നിവ നടക്കുന്നുണ്ടോയെന്നും കണ്ടെത്തുന്നതിനായിരുന്നു പരിശോധന. സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതടക്കമുള്ള നാല് കേസുകളും, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ നാല് കേസുകളും രജിസ്റ്റർ ചെയ്തു. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയിൽ 10,000 രൂപയോളം പിഴ ഈടാക്കി. ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ.ബിന്ദു, ജൂനിയർ സൂപ്രണ്ട് കെ.എസ്.ബിനി, ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്.ആർ.റസീമ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ആർ.വി.രമ്യ ചന്ദ്രൻ, ഇൻസ്‌പെക്ഷൻ അസിസ്റ്റന്റ് എ.നാസർ, സപ്ലൈ ഓഫീസിലെ ഇൻസ്‌പെക്ടർമാരായ പത്മജ, അനില തുടങ്ങിയവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പൊതു വിപണി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.