saboo

കൊല്ലം: കാമുകിയായ ബംഗാളി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ബാംഗാളി യുവാവിന് ജീവപര്യന്തം

കഠിന തടവും ഒരുലക്ഷം രൂപ പിഴയും. പശ്ചിമ ബംഗാൾ സ്വദേശിയായ 38 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി സബൂജ് കുമാർ ബിശ്വാസിനെയാണ് (34) കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.

2015 ഒക്ടോബർ ഒക്ടോബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പശ്ചിമബംഗാളിൽ ഭർത്താവുമൊത്ത് താമസിക്കവേ പ്രതിയുമായി സ്നേഹത്തിലായി. തുടർന്ന് പ്രതിക്കൊപ്പം ബംഗാളിൽ നിന്ന് ഒളിച്ചോടി കൊല്ലത്തെത്തി. ചാത്തന്നൂർ മുട്ടയ്ക്കാവിലുള്ള കട്ട കമ്പനിയിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിൽ യുവതി മറ്റൊരു ബംഗാളി സ്വദേശിയായ യുവാവുമായി സ്നേഹത്തിലായി. ഈ വിവരം അറഞ്ഞ പ്രതി യുവതിയുമായി വഴക്കിട്ടു. തുടർന്ന് അവർ താമസിച്ചിരുന്ന മുറിയിൽ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ്. കൊലയ്ക്ക് ശേഷം പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും

അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. ബംഗാളി സ്വദേശികളായ നാല് സാക്ഷികൾ കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കൊട്ടിയം സി.ഐ ആയിരുന്ന ജോഷിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ ഹാജരായി.