കൊല്ലം: കൊല്ലം കൊച്ചുപിലാംമൂട് നിർമ്മിതി കേന്ദ്രത്തിന് സമീപുള്ള ഒഴിഞ്ഞ പറമ്പിൽ ഇന്നലെ രാത്രി അജ്ഞാത യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.

ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. പ്രദേശവാസികളിൽ ചിലർ ഒരാൾ സംഭവം നടന്ന ഒഴിഞ്ഞ പറമ്പിലേക്ക് നടന്നുപോകുന്നത് കണ്ടിരുന്നു. തൊട്ടുപിന്നാലെ തീ ആളിപ്പടരുന്നത് കണ്ട് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സും പള്ളിത്തോട്ടം പൊലീസും സ്ഥലത്തെത്തിയപ്പോൾ ശരീരമാകെ പൊള്ളലേറ്റ മൃതദേഹമാണ് കണ്ടത്. ആളിനെ തിരിച്ചറിയാനായി പൊലീസ് സ്ഥലത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഒരാൾ പുരയിടത്തിലേക്ക് നടന്നുപോകുന്ന ദൃശ്യം ലഭിച്ചിരുന്നു. സംഭവ സ്ഥലത്തേക്ക് മറ്റാരെങ്കിലും നേരത്തെ കടന്നുപോയിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഉദ്ദേശം 30 വയസ് പ്രായമുള്ളയാളാണ് മരിച്ചതെന്നാണ് പൊലീസ് നിഗമനം.