k

കൊല്ലം: തിരുവനന്തപുരം ആക്കുളം മുതൽ തൃശൂർ ചേറ്റുവ വരെയുള്ള കോവളം- ബേക്കൽ ജലപാതയിലെ 288 കിലോ മീറ്റർ മേയിൽ ഗതാഗത യോഗ്യമാകും. 7.5 കിലോമീറ്ററി​ലുള്ള നവീകരണമാണ് ശേഷി​ക്കുന്നത്. വർക്കല ടണൽ ഉൾപ്പെടുന്ന ഭാഗത്ത് 4.5 കിലോ മീറ്ററി​ലും കഠിനകുളത്ത് പുത്തൻതുറ മുതൽ അനക്കപ്പിള്ള വരെ 3.5 കിലോ മീറ്ററി​ലുമാണ് വീതിയും ആഴവും വർദ്ധിപ്പിക്കാനുള്ളത്. 500 കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയായി.

പുത്തൻതുറ മുതൽ അനക്കപ്പിള്ള വരെ 194 കുടുംബങ്ങളുടെ പുനരധിവാസം അന്തിമഘട്ടത്തിലെത്തി. പരവൂർ കായൽ മുതൽ ചേറ്റുവ വരെയുള്ള ഡ്രഡ്ജിംഗും ശുചീകരണവുമുണ്ട്. കോവളം മുതൽ ആക്കുളം വരെ പുനരധിവാസം വൈകുന്നതിനാലാണ് ആദ്യഘട്ട കമ്മിഷനിംഗിൽ ഉൾപ്പെടുത്താത്തത്. ചേറ്റുവ മുതൽ ബേക്കൽ വരെയുള്ള ബാക്കി ഭാഗം ഗതാഗത യോഗ്യമാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു.

2006ൽ ധനകാര്യ കമ്മിഷൻ 225കോടി ഗ്രാന്റ് അനുവദിച്ചതോടെയാണ് ജലപാത വികസനം ആരംഭിച്ചത്. പക്ഷേ,പ്രവൃത്തികൾ നടന്നില്ല. 2018ലാണ് ആഴം കൂട്ടി ഗതാഗത യോഗ്യമാക്കൽ,സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടൽ,ബോട്ട് ജെട്ടി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായുള്ള നവീകരണത്തി​ന് തുടക്കമായത്. ആക്കുളം മുതൽ ചേറ്റുവ വരെ ആഴംകൂട്ടൽ 2012ൽ പൂർത്തിയായി. ആക്കുളം മുതൽ കൊല്ലം വരെയുള്ള ഭാഗം സംസ്ഥാന ജലപാതയാണ്. കൊല്ലം മുതൽ ചേറ്റുവ വരെ ദേശീയ ജലപാതയും.

ആക്കുളം- കൊല്ലം


 25 മീറ്റർ വീതി
 1.7 മുതൽ 2 മീറ്റർ വരെ ആഴം

കൊല്ലം- ചേറ്റുവ

 32 മുതൽ 45 മീറ്റർ വരെ വീതി

 2.2 മീറ്റർ ആഴം

ചിലക്കൂർ ടണലിൽ ലൈറ്റ് ഷോ

ജലപാതയിൽ വർക്കല ചിലക്കൂരിലുള്ള 350 മീറ്റർ ടണലിൽ ശ്രീനാരായഗുരുവിന്റെയും തിരുവിതാംകൂറിന്റെ ചരിത്രവും ഉൾപ്പെടുത്തിയുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രൊജക്ടറിന്റെ സഹായത്തോടെ സജ്ജമാക്കും. ഈ ടണൽ വഴിയുള്ള സഞ്ചാരത്തിന് 20 സീറ്റുകളുള്ള ഇലക്ട്രിക് ബോട്ടിന്റെ നിർമ്മാണം പുരോഗമിക്കുന്നു.

ആക്കുളം മുതൽ ചേറ്റുവ വരെയുള്ള ഭാഗത്തെ വികസനം ഏപ്രിലിൽ പൂർത്തിയാകുമെന്ന നിലയിലാണ് നീങ്ങുന്നത്. മേയിൽ ഉറപ്പായും കമ്മിഷൻ ചെയ്യും.

ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ