anjana
കെ.അഞ്ജന

കൊല്ലം: വീട്ടുജോലിക്ക് പോയി പരിശീലനത്തിനുള്ള വരുമാനം കണ്ടെത്തുന്ന പത്തനാപുരം തലവൂ‌ർ അഞ്ജന ഭവനിൽ കെ. അഞ്ജന (21) പ്രതിസന്ധികൾക്ക് ഇടയിലും

കിക്ക് ബോക്സിംഗ്, വുഷു മത്സരങ്ങളിൽ ജില്ലാതലം മുതൽ ദേശീയതലം വരെ ജേതാവായി.

ചെറുപ്പം മുതൽ ബോക്സിംഗിനോട് താത്പര്യം ഉണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യം അനുവദിച്ചില്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ കുട്ടൻ കാൻസർ ബാധിച്ച് മരിച്ചു. അമ്മ സരസ്വതി വീട്ടുജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്.

പത്താംക്ലാസിൽ പഠിക്കുമ്പോൾ ഒഴിവ് സമയങ്ങളിൽ അഞ്ജനയും അമ്മയെ സഹായിക്കാൻ പോയിത്തുടങ്ങി. 2021ൽ തലവൂർ ഡി.വി.വി.എച്ച്.എസ്.എസിൽ നിന്ന് കൊമേഴ്സിൽ പഠനം പൂർത്തിയാക്കി. കേരള സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം വഴി ബികോമിന് ചേർന്നു. ഇതിനിടെ രണ്ടുവർഷം മുമ്പ് വീടിനടുത്ത് തുടങ്ങിയ കോബാറ്റ് ഫൈറ്റ് ക്ലബിൽ അംഗമായി. വീട്ടുജോലി ചെയ്ത് സ്വരുക്കൂട്ടിയ സമ്പാദ്യമാണ് അതിനായി മുടക്കിയത്. രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 7 മുതൽ 8.30 വരെയുമാണ് പരിശീലനം. സജിത്താണ് പരിശീലകൻ. മംഗലാപുരത്ത് പോസ്റ്റ് ബി.എസ്‌സി നഴ്സിംഗിന് പഠിക്കുന്ന സഹോദരി സഞ്ജനയുടെ പിന്തുണയുമുണ്ട്.

സ്വർണം മുതൽ വെങ്കലം വരെ

കഴിഞ്ഞ വർഷം ജില്ലാതല വുഷു മത്സരത്തിൽ സ്വർണവും കോഴിക്കോട് നടന്ന സംസ്ഥാനതല മത്സരത്തിൽ വെങ്കലവും കോഴിക്കോട് നടന്ന സംസ്ഥാനതല കിക്ക് ബോക്സിംഗിൽ വെള്ളി മെഡലും സ്വന്തമാക്കി.

ഈ വർഷം കിക്ക് ബോക്സിംഗിൽ വെള്ളി ലഭിച്ചു. കേലോ ഇന്ത്യ വുമൺ വുഷു ലീഗിൽ വെങ്കലവും നേടാനായി. മത്സരത്തിനിടെ തോളെല്ല് സ്ഥാനം തെറ്റി. തുടർ ചികിത്സ ആവശ്യമാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാറ്റിവച്ചിരിക്കുകയാണ്. കൈക്ക് ആയാസം ഉണ്ടാകാത്ത രീതിയിലാണ് ഇപ്പോൾ പരിശീലനം.

`പ്രതിസന്ധികളുണ്ടാകാം. പക്ഷേ പോരാടണം. കൂടുതൽ പെൺകുട്ടികൾ ബോക്സിംഗ് മേഖലയിലേക്ക് കടന്നുവരണം

-അഞ്ജന